രാത്രികാല കര്‍ഫ്യൂ ലംഘിച്ചതിന് ഗുജറാത്ത് മന്ത്രിയുടെ മകനെ അറസ്റ്റുചെയ്ത വനിതാ പോലീസിനെ സ്ഥലം മാറ്റി
അഹമ്മദാബാദ്: രാത്രികാല കര്‍ഫ്യൂ ലംഘിച്ചതിന് ഗുജറാത്ത് മന്ത്രിയുടെ മകനെയും കൂട്ടുകാരെയും അറസ്റ്റുചെയ്ത പൊലീസുകാരിയെ മണിക്കൂറുകള്‍ക്കുളളില്‍ സ്ഥലം മാറ്റി. സുനിത യാദവ് എന്ന പൊലീസുകാരിയെയാണ് സ്ഥലം മാറ്റിയത്. വാര്‍ച്ചാ റോഡ് മണ്ഡലത്തിലെ എം എല്‍ എയും സംസ്ഥാന ആരോഗ്യ മന്ത്രിയുമായ കുമാര്‍ കാനാനിയുടെ മകന് പ്രകാശ് കനാനിയെയാണ് സുനിത അറസ്റ്റുചെയ്തത്.
പ്രകാശിന്റെ കൂട്ടുകാരില്‍ ചിലര്‍ കര്‍ഫ്യൂ ലംഘിക്കുന്നത് സുനിത ചോദ്യം ചെയ്തു. ഇതോടെ കൂട്ടുകാര്‍ പ്രകാശിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പ്രകാശ് സുനിതയുമായി ചൂടേറിയ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ ഓഡിയാേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്നായിരുന്നു സ്ഥലം മാറ്റം.അറസ്റ്റിനെക്കുറിച്ച് പൊലീസ്അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.