ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു ‘ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി മന്ദിരം തുറന്നുകൊടുത്തത് വെര്‍ച്യുല്‍ മീറ്റിലൂടെ ‘ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ
കാസര്‍കോട്: പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ചിരകാല സ്വപ്നമായ ഭാരതീയ ജനത പാര്‍ട്ടിക്ക് കാസര്‍കോട് സ്വന്തമായി ആസ്ഥാന മന്ദിരമെന്ന സ്വപ്നം പൂവണിഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ വെര്‍ച്യുല്‍ മീറ്റിലൂടെ നാടിന് സമര്‍പ്പിച്ചു.
താളിപ്പടുപ്പില്‍ ശ്രീനാരായണ ഗുരു റോഡില്‍ ആര്‍എസ്എസ് കാര്യാലയത്തിന് മുന്‍വശമായി ജനസംഘ സ്ഥാപക പ്രസിഡന്റ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന് ” ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി മന്ദിരം ‘ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ജനസംഘം കാലം തൊട്ടു തന്നെ കേരളത്തിലെ ബിജെപിയുടെ ശക്തികേന്ദ്രമായ സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട്ടെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഈ ഓഫീസ്.
ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു
കേന്ദ്രമന്ത്രി വി.മുരളീധരന്, ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, എന്നിവര്‍ ഡല്‍ഹിയിലും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്, ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.കെ.കൃഷ്ണദാസ്, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ.പത്മനാഭന്, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത്, കെട്ടിട നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ പി.സുരേഷ്കുമാര്‍ ഷെട്ടി, സംസ്ഥാന സമിതിയംഗങ്ങളായ എം.സഞ്ചീവ ഷെട്ടി, അഡ്വ.വി.ബാലകൃഷ്ണഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, സുധാമ ഗോസാഡ എന്നിവര്‍ കാസര്‍കോട് സജ്ജമാക്കിയ വേദിയിലും സംബന്ധിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആധുനിക സാങ്കേതിക വിദ്യയായ വെര്‍ച്ച്യുല്‍ മീറ്റിലുടെ സംഘടിപ്പിച്ച ഉദ്ഘാടനചടങ്ങ് ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് സാമൂഹ്യമാധ്യമങ്ങളിലുടെയും മറ്റുമായി ലക്ഷക്കണക്കിനുപേര്‍ വീക്ഷിച്ചു.