കോവിഡ് ചട്ടം ലംഘിച്ച് ഇന്നും ആൾക്കൂട്ട സമരം ,സ്വര്‍ണ്ണക്കടത്ത് ; കണ്ണൂരും പാലക്കാടും തൃശ്ശൂരും യുവജനസംഘടനകളുടെ പ്രതിഷേധം കണ്ണൂരിൽ ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ യുവജനസംഘടനകള്‍ കണ്ണൂരിലും പാലക്കാട്ടും തൃശ്ശൂരും നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. കണ്ണൂരിലും തൃശ്ശൂരിലും യുവമോര്‍ച്ച നടത്തിയ പ്രതിഷേധമാര്‍ച്ചിലും പാലക്കാട് കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നത്തിയ മാര്‍ച്ചിലുമാണ് സംഘര്‍ഷം ഉണ്ടായത്.
പൊലീസ് ബാരിക്കേഡ് തകര്‍ത്തതോടെ കണ്ണൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പതിനൊന്ന് മണിയോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കളക്ട്രേറ്റിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. തൃശ്ശൂരിലും പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ഇവിടെ നിലവില്‍ സ്ഥിതി ശാന്തമാണ്.
അതേസമയം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് പ്രതിഷേധിക്കുന്നത്. കളക്ട്രേറ്റ് ഗേറ്റ് തള്ളിമാറ്റാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ യുവജനസംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.