കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എൻ ഐ എ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്ന സുരേഷ് , നാലാം പ്രതി സന്ദീപ് നായർ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവർക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വര്‍ണം എത്തിക്കാന്‍ പണം മുടക്കിയ ആളെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂണിൽ രണ്ട് തവണ സ്വർണം കൊണ്ടുവന്നെങ്കിലും മൂന്നാമത്തെ തവണയാണ് പിടിയിലായത്.അതേസമയം, കർശനമായ യാത്രാ നിയന്ത്രണവും ശക്തമായ പൊലീസ് നിരീക്ഷണവും നിലവിലിരിക്കേ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപും സുരക്ഷിതമായി അതിർത്തി കടന്നതിനു പിന്നിൽ ഉന്നതരുടെ സഹായമുണ്ടെന്ന നിഗമനത്തിലാണ് എൻ. ഐ. എ. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ ഇക്കാര്യത്തിലും അന്വേഷണം ഉണ്ടാവും.കഴിഞ്ഞ തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണാണ്. നഗരാതിർത്തികൾ അടച്ചുപൂട്ടി പൊലീസ് പരിശോധനയുണ്ട്. തമിഴ്നാട് അതിർത്തികളിലും കർശന പരിശോധനയാണ്. കേരളത്തിൽ നിന്ന് പുറത്തേക്ക് പോകാൻ പാസ് ആവശ്യമില്ല. പക്ഷേ, കർണാടകത്തിലേക്ക് കടക്കാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.കൊവിഡ് അതിരൂക്ഷമായ തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങളാണ്. കേരള അതിർത്തിയിലെ നഗരങ്ങളിലടക്കം ലോക്ക്ഡൗൺ കർശനമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്കുള്ള വാഹനങ്ങളും പൊലീസ് പരിശോധിച്ച് പാസുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് കടത്തിവിടുക. വയനാട് വഴി രാത്രിയാത്രയ്ക്ക് നിരോധനമുണ്ട്. കർണാടക അതിർത്തിയിൽ യാത്രാനിയന്ത്രണം കടുപ്പിച്ചിരിക്കുകയുമാണ്.