വ്യാജ പ്രചാരണത്തിനെതിരെ മന്ത്രി നേരിട്ടിറങ്ങി ,മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ വ്യാജ ചിത്രം; മന്ത്രി ഇപി ജയരാജന് ഡിജിപിക്ക് പരാതി നല്കി
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തില്‍ സ്വപ്ന സുരേഷ് പങ്കെടുത്തു എന്ന തരത്തില്‍ വ്യാജ ഫോട്ടോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി ജി സുനില്‍, കോണ്‍ഗ്രസ്സ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് ഡിജിപിക്ക് പരാതി നല്കി.
ക്ലിഫ്ഹൗസില്‍ വച്ചു നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകളുടെ ഭര്‍ത്താവും ഇപി ജയരാജനും ഭാര്യയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.
പ്രസ്തുത ഫോട്ടോയില്‍ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ ഫോട്ടൊ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാറ്റിക്കൊണ്ട് സ്വര്‍ണ്ണ കള്ളക്കടത്ത് പ്രതിയായ സ്വപ്ന സുരേഷിന്റെ ഫോട്ടോ ചേര്‍ത്തുകൊണ്ട് വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു.