ന്യൂദല്‍ഹി: രാജ്യം ഒരു മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിലടക്കം ബി.ജെ.പി എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്.
രാജസ്ഥാന് സര്‍ക്കാരിനെ താഴെയിറക്കാന്‍ കുതിരക്കച്ചവടവുമായി ഇറങ്ങിയിരിക്കുകയാണ് ബി.ജെ.പിയെന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 15 കോടി രൂപ വീതമാണ് ബി.ജെ.പി ഓഫര്‍ ചെയ്തിരിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു.
സംസ്ഥാനം കൊവിഡിനെതിരെ സകല സന്നാഹങ്ങളും വെച്ച് പോരാടുമ്പോള്‍ പണമിറക്കി ആളുകളെ തങ്ങളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് അവര്‍. നിരന്തരമായി സംസ്ഥാനത്ത് ബി.ജെ.പി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഞങ്ങളെ എതിര്‍ക്കുന്നവരെപ്പോലും ഒരുമിച്ച് നിര്‍ത്തി, എല്ലാവരേയും ഒരുപോലെയാണ് ഈ കൊവിഡ് സാഹചര്യത്തില്‍ പരിഗണിക്കുന്നത്. എന്നാല്‍ ബി.ജെ.പി എല്ലാ അതിരുകളും ലംഘിക്കുകയാണ്. സര്‍ക്കാരിനെ എന്തുചെയ്തിട്ടാണെങ്കിലും താഴെയിറക്കണമെന്ന ഉദ്ദേശത്തോടെയാണ് ബി.ജെ.പി പെരുമാറുന്നത്.
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലേക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി സൂചനകള്‍; തീരുമാനം അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
ഇത് എന്തുതരം രാഷ്ട്രീയമാണ്. കര്‍ണാകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ നടത്തിയ കളികള്‍ എല്ലാവരും കണ്ടതാണ്. മധ്യപ്രദേശിലും അവര്‍ കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കി. 15 കോടി രൂപ വരെയാണ് ഇപ്പോള്‍ രാജസ്ഥാനിലെ ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി ഓഫര്‍ ചെയ്തിരിക്കുന്നത്. അവര്‍ ഇത് മാറ്റമില്ലാതെ തുടരുകയാണ്.
2014 ലെ വിജയത്തിന് ശേഷം ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടതാണ്. മുന്‍പ് അവര്‍ സ്വകാര്യമായി ചെയ്തിരുന്ന കാര്യം ഇപ്പോള്‍ യാതൊരു മറയുമില്ലാതെ ചെയ്യുന്നു. ഗോവയിലും മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അവര്‍ നടത്തുന്ന കളികള്‍ ജനങ്ങള്‍ കണ്ടതാണ്. നാണംകെട്ട കളിയാണ് ബി.ജെ.പി കളിക്കുന്നത്. കഴിഞ്ഞമാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ഗുജറാത്തിലെ നാല് എം.എല്‍.എമാരെയാണ് അവര്‍ വിലയ്ക്കെടുത്തത്.
ഇതേ കളി തന്നെയാണ് അവര്‍ രാജസ്ഥാനിലും കളിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവരെ ഞങ്ങള്‍ ഒരു പാഠം പഠിപ്പിച്ചിരിക്കും. എക്കാലത്തും ഓര്‍മ്മിക്കാന്‍ പറ്റുന്ന ഒരു പാഠം. ബി.ജെ.പി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന കളികളെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിനെല്ലാമുള്ള മറുപടി ജനങ്ങള്‍ നല്‍കിയിരിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.