ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസ് കെട്ടിടോദ്ഘാടനം നാളെ; വെര്‍ച്യുല്‍ മീറ്റിലൂടെ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍വ്വഹിക്കും
കാസര്‍കോട് :ജില്ലയില്‍ ബിജെപിക്ക് സ്വന്തം ആസ്ഥാന മന്ദിരമെന്ന സ്വപ്നം സാക്ഷാത്കാരത്തിലേക്ക്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസ് 12ന് രാവിലെ 10 മണിക്ക് അഖിലേന്ത്യ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ വെര്‍ച്യുല്‍ മീറ്റിലൂടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
താളിപ്പടുപ്പില്‍ ശ്രീനാരായണ ഗുരു റോഡില്‍ ആര്‍എസ്എസ് കാര്യാലയത്തിന് മുന്‍വശമായി ജനസംഘ സ്ഥാപക പ്രസിഡന്റ് ഡോ. ശ്യാം പ്രസാദ് മുഖര്‍ജിയുടെ പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന് ” ഡോ. ശ്യാം പ്രസാദ് മുഖര്‍ജി മന്ദിരം ‘ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
കേന്ദ്രമന്ത്രി വി.മുരളീധരന്, സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്, സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ സംബന്ധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റുമായി ജില്ലയിലെ അഞ്ച് ലക്ഷത്തോളം പേര് ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കന്നട, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഗ്രന്ഥാലയത്തിലുണ്ട്. ഓഫീസ് സെക്രട്ടറി, ഭാരവാഹികള്‍, വിവിധ മോര്‍ച്ചകള്‍ക്കും ജില്ലാ ഓഫീസില്‍ പ്രത്യേക ഇടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിശാലമായ കോണ്‍ഫറന്‍സ് ഹാളും നേതാക്കന്മാര്ക്ക് താമസിക്കാന്‍ രണ്ട് മുറികളും ഭക്ഷണശാലയും ഈ കെട്ടിടത്തിലുണ്ടെന്ന് ഡോ.ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരം നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ പി.സുരേഷ്കുമാര്‍ ഷെട്ടി പറഞ്ഞു.