യുവമോര്‍ച്ച പ്രതിഷേധത്തെ തല്ലിഒതുക്കാനുള്ള പോലീസിന്റെ നീക്കം ആസൂത്രിതമെന്ന് ബിജെപി
കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ പരസ്യമായിരിക്കെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തെ തല്ലിഒതുക്കാനുള്ള പോലീസിന്റെ നീക്കം ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന നേതാക്കളെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ പോലീസ് നരനായാട്ടു നടത്തുന്നു.അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. സംസ്ഥാന ജില്ലാ നേതാക്കളടക്കം 18 പേര്‍ക്കാണ് പോലീസ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മുഖ്യമന്ത്രി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തെ കോവിഡിന്റെ മറവില്‍ മര്‍ദ്ദിച്ചൊതുക്കാനുള്ള നീക്കം നടക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് പറഞ്ഞു. പി.ആര് ടീമിന്റെ സംരക്ഷണയില്‍ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ സ്വപ്ന സുരേഷ് എഴുതിതയ്യാറാക്കിയ തിരക്കഥയാണ് പുറത്തുവന്നിരിക്കുന്നത്. ശബ്ദരേഖയുടെ ഉറവിടം തേടി നടപടിയെടുക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പതിനൊന്നിന് കമീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടക്കും. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എം.രാജീവ് കുമാര്‍ പങ്കെടുത്തു.