കൊവിഡ് പ്രതിരോധത്തില്‍ ധാരാവി ലോകത്തിന് മാതൃക; ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ ധാരാവിക്ക് കഴിഞ്ഞു. രോഗ വ്യാപനം തടയാനും രോഗം പടരാതിരിക്കാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.
ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ധാരാവിയില്‍ വെള്ളിയാഴ്ച 12 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,359 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 166 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,952 പേര് രോഗമുക്തരായി ആശുപത്രി വിട്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി, ഇറ്റലി, സ്പെയിന്, ദക്ഷിണ കൊറിയ എന്നിവ ക്രിയാത്മകമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡിനെ നേരിടാം എന്ന കാര്യം തെളിയിച്ചെന്നാണ് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചത്.
‘ലോകത്താകമാനം കഴിഞ്ഞ ആറ് ആഴ്ചകളില്‍ രോഗം ഇരട്ടിയിലധികമാവുന്നതാണ് കണ്ടത്. അതേസമയം, കൃത്യമായ പ്രതിരോധത്തിലൂടെ വൈറസിനെ നിയന്ത്രിക്കാം എന്ന് ചില പ്രദേശങ്ങള്‍ തെളിയിച്ചുകഴിഞ്ഞു’, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനൊം പറഞ്ഞു.
ചില ഉദാഹരണങ്ങളാണ് ഇറ്റലി, സ്പെയിന്, ദക്ഷിണ കൊറിയ, കൊവിഡ് രൂക്ഷമായ മുംബൈയിലെ ചേരിയായ ധാരാവി എന്നിവിടങ്ങള്‍. ടെസ്റ്റിങ്, ട്രേസിങ്, ഐസൊലേഷന്‍, ചികിത്സ എന്നീ പ്രധാന മാര്‍ഗങ്ങളിലൂടെ രോഗവ്യാപനവും പകര്‍ച്ചയും തടയാന്‍ ഈ പ്രദേശങ്ങള്‍ക്കായെന്നും അദ്ദേഹം പറഞ്ഞു.
ധാരാവിയില്‍ കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ മുംബൈ മുന്സിപല് ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഒരു സമയത്ത് ധാരാവിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ ആങ്കയുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ധാരാവിയെ കൊവിഡിന്റെ പിടിയില്‍നിന്നും രക്ഷിച്ചത്.
ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ മഹാരാഷ്ട്രയില്‍ ഏറ്റവുമധികം രോഗ വ്യാപന സാധ്യതയുള്ള പ്രദേശമായി ധാരാവി മാറിയിരുന്നു. ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ധാരാവിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പതിവാവുകയും ചെയ്തു.
ജനസാന്ദ്രതയേറിയ ചേരിയായതിനാല്‍ ധാരാവി വൈറസിന്റെ പ്രജനന കേന്ദ്രമായി മാറിയേക്കാം എന്ന ആശങ്ക ഉയരുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ കൊവിഡ് മരണത്തിലും രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് ഇവിടെയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മുംബൈ മുന്സിപല് കോര്‍പറേഷന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് ധാരാവിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗ ലക്ഷണമുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത് വ്യാപന സാധ്യത കുറച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനോടകം തന്നെ 50,000 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തി. ചേരിയില്‍ താമസിക്കുന്ന ഏഴ് ലക്ഷത്തോളം പേരെ ചേരിയുടെ വിവിധ ഭാഗങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള ഫീവര്‍ ക്ലിനിക്കുകളിലെ തെര്‍മല്‍ സ്ക്രീനിങിന് വിധേയരാക്കി. അതില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ക്വാറന്റീനിലാക്കി.
രോഗം വേഗം തിരിച്ചറിയാനുള്ള നടപടികള്‍ നടത്തി. ഇവയാണ് മരണ സംഖ്യ ക്രമേണ കുറയാനുള്ള കാരണമെന്ന് അസിസ്റ്റന്റ് മുന്സിപല് കമ്മീഷണര്‍ കിരണ്‍ ദിഗ്വാകര്‍ പറഞ്ഞു.