കൊച്ചി: രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ.ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ. പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ദൃശ്യമാദ്ധ്യമങ്ങളിലൂടെ നിരന്തരം നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് അച്ചടക്ക നടപടി. സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ അംഗമാണ് അഡ്വ.എ.ജയശങ്കര്‍.പതിനൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വീകരിച്ച പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അഡ്വ. ജയശങ്കര്‍ നിരന്തരമായി അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യമാദ്ധ്യമങ്ങളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും പരസ്യ വിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തുകയാണ. ഇതേ തുടര്‍ന്ന് പാര്‍ട്ടി ജയശങ്കറിൽ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പാര്‍ട്ടി ‘പരസ്യ ശാസന’ എന്ന അച്ചടക്ക നടപടിക്ക് വിധേയനാക്കിയത്.പാർട്ടിയംഗമായിരിക്കെ സ്വന്തം പാർട്ടിയും മുന്നണിയും പരാജയപ്പെടുമെന്ന് പ്രവചിക്കുകയും അതിനായി അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തുവെന്നാണ് ജയശങ്കറിനെതിരെയുള്ള പ്രധാന ആരോപണം. ചാലക്കുടിയിൽ മുന്നണി സ്ഥാനാർത്ഥി തോൽക്കുമെന്നുള്ള ജയശങ്കർ നടത്തിയ നീരീക്ഷണം യു.ഡി.എഫ് പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ചാനൽ ചർച്ചകളിൽ സംസാരിച്ചുവെന്ന് സി.പി.ഐ സ്ഥാനാർത്ഥികൾ ഉൾപ്പെടെ ആരോപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഇടതുപക്ഷ ഐക്യത്തെ തകർക്കുന്നുവെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ജയശങ്കറിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. മുന്നണിക്ക് അകത്ത് സി.പി.ഐക്ക് കാര്യമായ പരിഗണനയില്ലെന്ന് തുറന്നടിച്ചത് സംസ്ഥാന നേതൃത്വത്തിനും രസിച്ചിട്ടില്ലെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ അനുകൂലികളാണ് ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും.