ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്ക് സൊറിയോസിസ് മരുന്ന് ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി. ഗുരുതരമായ രീതിയിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കൊവിഡ് ബാധിതർക്ക് സൊറിയോസിസ് മരുന്നായ ഐറ്റൊലൈസുമാബ് നൽകാമെന്ന നിർദേശത്തിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്.കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമായ വാക്സിൻ ഇതുവരെ കണ്ടെത്താനാകാത്തത് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ സൊറിയോസിസ് മരുന്ന് നൽകാൻ നിർദേശം നൽകിയത്. കൊവിഡ് ബാധിതരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ സ്ട്രോക്കിനെ പ്രതിരോധിക്കാനാണ് ഐറ്റൊലൈസുമാബ് നൽകുന്നത്.പൾമനോളജിസ്റ്റുകളും ഫാർമക്കോളജിസ്റ്റുകളും എയിംസിലെ മെഡിക്കൽ വിദഗ്ദ്ധരും ഉൾപ്പെടുന്ന കമ്മിറ്റി ക്ലിനിക്കൽ ട്രയലിൽ ഐറ്റൊലൈസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താൻ അനുമതി നൽകിയതെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. വി ജി സൊമാനി പറഞ്ഞു.അതേസമയം, ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് രോഗികളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്.വർഷങ്ങളായി സോറിയാസിസ് ചികിത്സിക്കായി ഉപയോഗിക്കുന്ന ഐറ്റൊലൈസുമാബിന്റെ ഉത്പാദകർ ബയോകോണാണ്.