ഈ വക്കീലിനെ സ്വന്തം പാർട്ടിക്കും മതിയായി ,പാര്‍ട്ടിയെയും മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തിയതിന് ജയശങ്കരൻ വക്കീലിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ
കൊച്ചി: ടി.വി.ചാനലുകളിലെ സിപിഎം വിരുദ്ധചേരിയുടെ മുഖമായ എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ.രംഗത്ത് . പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളിലാണ് നടപടി. സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ്ണ അംഗമാണ് അഡ്വ.എ.ജയശങ്കര്‍.
പാര്‍ട്ടിക്ക് പങ്കാളിത്തമുള്ള എൽ.ഡി.എഫ് സംവിധാനത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ജയശങ്കര്‍ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയാണ്. അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യ വിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തിയെന്നും സി.പി.ഐ ബ്രാഞ്ച് ജനറല്‍ബോഡി യോഗം വിലയിരുത്തി.ഇത് അംഗീകരിക്കാനാവില്ല. അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ജനറല്‍ ബോഡി യോഗം ഐക്യകണ്ഠേന തീരുമാനമെടുത്തത്. ഇതില്‍ ജയശങ്കര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി.
തുടര്‍ന്നാണ് പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള പരസ്യ ശാസന അച്ചടക്ക നടപടിയിലേക്ക് നീങ്ങിയത്.മാധ്യമ രംഗത്ത് ടി.വി.ചാനലുകൾ ആധിപത്യം നേടിയതോടെയാണ് ജയശങ്കരൻ വക്കീൽ മലയാളികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കേരളത്തിലെ സിപിഎം വിരുദ്ധചേരിയുടെ മുഖവും കൂടിയായിരുന്നു ഈ വക്കീൽ.ജയശങ്കറിന്റെ ഈ നീക്കങ്ങൾക്ക് സിപിഐ യിലെ സിപിഎം വിരുദ്ധ ഡാങ്കേയിസ്റ്റുകളുടെ പിന്തുണയുമുണ്ടായിരുന്നു.ഒടുവിൽ സ്വന്തം പാർട്ടിക്കെതിരെ വക്കീൽ തിരിഞ്ഞപ്പോഴാണ് ഗത്യന്തരമില്ലാതെ സിപിഐക്ക് നടപടിയെടുത്ത് മുഖം രക്ഷിക്കേണ്ടി വന്നത്.ജശങ്കരൻ വക്കീലിന്റെ ചില ഗുരുതരമായ പരാമർശങ്ങളിൽ സിപിഎമ്മിനും പരസ്യമായ അമർഷവുമുണ്ടായിരുന്നു.