എൻ.ഐ.എ.തൊടുന്നത് സ്വർണ്ണത്തിൽ മാത്രമല്ല കുഴൽപ്പണത്തിലും ,സ്വര്‍ണക്കടത്തു നിയന്ത്രിക്കുന്നത് മലബാറിലെ ദേശവിരുദ്ധ സംഘങ്ങളെന്നു ആദ്യ നിഗമനം ,കേരള രഹസ്യ പോലീസ് നാളിതുവരെ ശേഖരിച്ച റിപ്പോർട്ടുകൾ കേന്ദ്രം പരിശോധിക്കും ,കുടുങ്ങുന്നത് കൊടുവള്ളി മാത്രമല്ല മലബാറാകെ റെയ്ഡുകളിൽ കുലുങ്ങും
.
കാസർകോട് : യു.എ.ഇ. കോണ്‍സുലേറ്റിലെ സ്വർണ കടത്ത് കേസ് മറ്റു കുറ്റാന്വേഷണ ഏജൻസികൾക്ക് കൈമാറാതെ എൻ.ഐ എ വിട്ട് കൊടുത്തത് കേന്ദ്രസർക്കാരിന്റെ കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണെന്ന വിവരം പുറത്തുവരുന്നു. കോണ്‍സുലേറ്റിലെ സ്വർണ കടത്ത് കേസിൽ മാത്രം ഇത് ഒതുക്കാതെ കേരളത്തിലെ എല്ലാ സ്വർണ കടത്തു കേസുകളും ക്രോഡീകരിച്ചുള്ള അന്വേഷണത്തിനാണ് എൻ.ഐ എ ഒരുങ്ങുന്നത് .മാത്രമല്ല കുഴൽപ്പണം (ഹുണ്ടി) മാഫിയകൾക്കും ഇതിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടെന്നാണ് എൻ.ഐ എ കരുതുന്നത് . കേരളത്തിൽ കേന്ദ്രീകരിച്ചു നടന്നു വരുന്ന സ്വര്ണക്കടത്തിന്ന് പിന്നിൽ ചില രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്ക് വ്യക്തമായ അറിവുണ്ടെന്നും
കൊച്ചി , കോഴിക്കോട്, കൊടുവള്ളി, വടകര , തലശേരി ,കാസർകോട് സ്വര്‍ണക്കടത്തുസംഘങ്ങള്‍ക്കു ഇവരുടെ പിന്തുണ ഉണ്ടെന്നുമാണ് കേരളാ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോർട്ട് , സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ശരിവെക്കുന്നതാണ് കസ്റ്റംസ് കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടും . മാത്രമല്ല തിരുവനന്തപുരത്തെ നയതന്ത്രകള്ളക്കടത്തുമായി രാജ്യവിരുദ്ധ പ്രവർത്തകർക്ക് ബന്ധമുണ്ടെന്നും ദേശവിരുദ്ധസംഘടനകളുടെ വരുമാനമാര്‍ഗമാണെന്നതുള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കും കൈമാറും.കാസർകോട്,കണ്ണൂർ,കോഴിക്കോടിനും പുറമെ മാഹിയും അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന.ഇവിടങ്ങളിലെ കസ്റ്റംസ് സൂപ്രണ്ടുമാരുടെ അടിയന്തിര യോഗം കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ ഐആർ.എസ് വിളിച്ചു ചേർത്തതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇവരുടെ റിപ്പോർട് എൻ.ഐ.എ സംഘത്തിന് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തൽ.മാഹിക്ക് പുറമെ മലബാറിലെ നാല് ജില്ലകളിൽ നിന്നുള്ള 174 പേരുടെ വിവരങ്ങൾ ഇതിനകം രഹസ്യമായി ശേഖരിച്ചിട്ടുണ്ട്.കേരളത്തിലാകെ വേരുകളുള്ള രണ്ട് സ്വർണാഭരണ ശാലകളും ഉത്തരകേരളത്തിലെ 14 ജൂവല്ലറികളും കൊടുവള്ളിയിൽ വേരുറപ്പിച്ചു രാഷ്ട്രീയ രംഗത്തും നിലയുറപ്പിച്ച ഒരു വ്യാപാരപ്രമുഖനും കരിപ്പൂർ കടത്തുകൾക്ക് ചുക്കാൻ പിടിക്കുന്ന കണ്ണൂരിലെ ഒരു ജനപ്രതിനിധിയും കേന്ദ്ര അന്വേഷണ സംഘത്തിന്റെ സംശയ നിഴലിലാണ്. നിലവിൽ പരാമർശിക്കപ്പെടുന്ന പേരുകൾ പലതും ചെറുമീനുകൾ മാത്രമാണെന്നും സ്രാവുകളുടെയും തിമിംഗലങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവരുമ്പോൾ കേരളത്തിൽ വരാനിരിക്കുന്നത് ഒരു വലിയ രാഷ്ട്രീയ ഭൂകമ്പമാണെന്നും വിലയിരുത്തപ്പെടുന്നു. യു.എ.ഇ. കോണ്‍സുലേറ്റിലെ ഒരു വനിതയ്ക്കു കൊടുവള്ളി സംഘവുമായി ബന്ധമുണ്ടെന്നു കസ്റ്റംസിനും വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫിനും കഴിഞ്ഞവര്‍ഷം കേരളാ സ്പെഷ്യൽ ബ്രാഞ്ച്സംഘം വിവരം നൽകിയിട്ടും മുഖവിലക്കെടുത്തിരുന്നില്ല. സംഘത്തിലെ രണ്ടുപേര്‍ തിരുവനന്തപുരത്തു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ടെന്നും അവരാണു സ്വര്‍ണവുമായി കൊടുവള്ളിക്കു പോകുന്നതെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. രാജ്യാന്തരവിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്ത് ദേശസുരക്ഷയെ ബാധിക്കുന്നതും നിരോധിതസംഘടനകള്‍ക്കു ജീവരക്തം നല്കുന്നതാണെന്നറിഞ്ഞിട്ടും ഇതിന്മേൽ ഗൗരവമേറിയ ഒരു അന്വേഷണം നാളിതുവരെ പ്രഖ്യാപിക്കാതിരുന്നത് ദുരൂഹതയുളവാക്കിയ വിഷയമാണ്. പിടിയിലാകുമ്പോഴൊക്കെ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചാണു കള്ളക്കടത്തുസംഘങ്ങള്‍ രക്ഷപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായുള്ള വന്ദേഭാരത് വിമാനങ്ങളിലും മറ്റു ചാർട്ടർ വിമാനങ്ങളിലും കടത്തിയ സ്വര്‍ണം മലബാർ ജില്ലകളിലാണ് എത്തിച്ചേർന്നത്.. ഇപ്പോള്‍ തിരുവനന്തപുരത്ത് പിടികൂടിയതു കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്തെന്നു പറയുമ്പോഴും, 2018 നവംബറില്‍ ഏഴ് ജില്ലകളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ ബൃഹത് റെയ്ഡിൽ പിടികൂടിയ 177 കോടി രൂപയുടെ 600 കിലോ സ്വര്‍ണത്തെക്കുറിച്ചു പലരും മൗനം ഇന്നും പാലിക്കുന്നു. അന്ന് ഇതിനെതിരെ ഒരു പ്രക്ഷോഭമോ പ്രതിഷേധമോ ഉയർന്നില്ലെന്നതും കൗതുകം പരത്തുന്ന സംഗതിയാണ്. സ്വര്‍ണമിശ്രിതം, ഉരുക്കാനുള്ള സംവിധാനം, കടത്താനുപയോഗിക്കുന്ന അടിവസ്ത്രങ്ങള്‍ എന്നിവയും അന്നു ഡി.ആര്.ഐ. പിടികൂടിയിരുന്നു. അതിനുശേഷവും പല തവണയായി കോടികളുടെ സ്വര്‍ണം കൊടുവള്ളിയിലെത്തി. ഡി.ആര്.ഐ. മാത്രം രണ്ടുവര്‍ഷത്തിനിടെ 30 കോടിയോളം രൂപയുടെ സ്വര്‍ണം പിടിച്ചു.തിരുവനന്തപുരം കടത്തിന്റെ കോളിളക്കം തുടരുമ്പോൾ ഇന്നും ഇന്നലെയുമായി വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചത് മൂന്നു കോടി രൂപയുടെ സ്വർണമാണ്. സ്വര്‍ണക്കടത്തിനു പിടിയിലാകുന്നവര്‍ ജാമ്യം സംഘടിപ്പിച്ചശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്കു മുങ്ങുകയും കള്ളക്കടത്ത് തുടരുകയും ചെയ്യുമ്പോൾ ഇത്തരക്കാരുടെ പാസ്പോർട്ട് റദ്ദാക്കാൻ സാധിച്ചില്ല എന്നുള്ളത് ഗുരുതര വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.. രണ്ടുവര്‍ഷം മുമ്പ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ കോഫെപോസ പ്രതിക്കുവേണ്ടി രണ്ട് എം.എല്‍.എമാര്‍ ഇടപെട്ടതു വിവാദമായിരുന്നു. അവര്‍ സെക്രട്ടേറിയറ്റിലെ ഉന്നതന് മുഖേന ആഭ്യന്തര സെക്രട്ടറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം കടുവയെ പിടിക്കുന്ന കിടുവയെപ്പോലെ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് ,കാസർകോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത് മാത്രമാണ് നിലവിൽ കള്ളക്കടത്തുസംഘങ്ങൾക്ക് ഭീഷണി.ഇതിന്റെ പേരിൽ നിരവധി രക്തച്ചൊരിച്ചിലുകളും ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്നു. കള്ളക്കടത്ത് സ്വര്‍ണമായതിനാല്‍ നഷ്ടപ്പെട്ടാലും ആരും നിയമ സഹായം തേടാറില്ല. പകരം തട്ടിയ മുതലുകൾ വീണ്ടെടുക്കാൻ വാടക ഗുണ്ടാ സംഘങ്ങളെയാണ് നിയോഗിക്കാറുള്ളത്.
റിപ്പോർട്ട് .
ബുർഹാൻ തളങ്കര