‘വെറുതേ കൊവിഡ് വന്ന് ചാവണ്ട’, വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ആരും ഇറങ്ങിപ്പുറപ്പെടേണ്ട , മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല”. സമരക്കാരോട് മന്ത്രി ജയരാജൻ
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനെതിരെ മന്ത്രി ഇപി ജയരാജൻ. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കുന്നത് സമരാഭാസമാണെന്ന് മന്ത്രി ജയരാജൻ പ്രതികരിച്ചു. “സമരക്കാര്‍ കൊവിഡ് വരാതിരിക്കാൻ നോക്കിക്കോ. വെറുതേ കൊവിഡ് വന്ന് ചാവണ്ട. എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല”. വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ആരും ഇറങ്ങിപ്പുറപ്പെടേണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമേര്‍ച്ച സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. കണ്ണൂരിൽ സമരക്കാർ മന്ത്രി ഇ പി ജയരാജൻറെ വാഹനം തടഞ്ഞു. കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് സംഘർഷത്തിൽ കലാശിച്ചു. മാര്‍ച്ചിനിടെ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതിരുന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.