തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് പരിശോധന വ്യാപകമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂന്തുറയിൽ സ്ഥിതി ഗുരുതരമാണ്. ജൂലായ് ആറിന് ശേഷം 1152 സാമ്പിളുകൾ പരിശോധിച്ചു. പൂന്തുറയിലെ സംഘർഷം നിർഭാഗ്യകരമാണ്. ആരാണ് ആ സംഘർഷത്തിന് പ്രേരിപ്പിച്ചതെന്ന് അറിയില്ല. ആന്റിജൻ പരിശോധന നടത്തിയതിനെ പലരും എതിർക്കുകയാണ്. ആന്റിജനും പി.സി.ആർ പരിശോനയും ഒന്നാണെന്ന് എല്ലാവരും മനസിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.പൂന്തുറയിലെ ബുദ്ധിമുട്ടുകളെല്ലാം പരിശോധിക്കുകയും പരിഹരിച്ചും വരികയാണ്. പരിമിതിയിൽ നിന്നുകൊണ്ട് ബഹുജനങ്ങളുടെ പിന്തുണയോട് കൂടിയാണ് സർക്കാർ എല്ലാ പ്രവർത്തവും ചെയ്യുന്നത്. പ്രായമായവർ ഒട്ടനവധിയുള്ള പ്രദേശമാണ് പൂന്തുറ. നിയമലംഘനം നടത്തരുതെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു.ആന്റിജൻ ടെസ്റ്റ് ഫലപ്രദമാണ്. കേരളത്തിന്റെ പല ഭാഗങ്ങളിൽ പ്രതിഷേധങ്ങളുടെ ഭാഗമായി പലരും തെരുവിലിറങ്ങുകയാണ്. വൈറസ് ഇവിടെ നിന്ന് പോയിട്ടില്ല. ഇതൊക്കെ കൈവിട്ട കളിയാണ്. മാസ്ക്ക് പോലും ധരിക്കാതെയുള്ള ഈ പ്രതിഷേധം അനാവശ്യമാണ്. നാടിനെ മുഴുവൻ ഇത് ആപത്തിലേക്ക് തള്ളി വിടും. നേതാക്കന്മാർ ഇത് അണികളെ പറഞ്ഞു മനസിലാക്കണമെന്നും തമാശ കളിയല്ലെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.