“മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രമില്ല” ; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി
സ്വർണകടത്ത് കേസിൽ എൻഐഎ അന്വേഷണം നല്ലതാണ്. പക്ഷെ ഡിജിപിക്ക് എഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണവും അപൂര്‍വ്വങ്ങളിൽ അപൂര്‍വ്വമാണെന്ന് കോൺഗ്രസ്. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും എം ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ സിബിഐ അന്വേഷണം ആണ് അഭികാര്യം. സിബിഐയുടെ സ്വതന്ത്ര അന്വേഷണം ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണമെന്നും കോൺഗ്രസ് നേതാക്കൾ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണം. സി ബി ഐ ക്കും എൻ ഐ എ ക്കുമൊപ്പം റോയുടെ സേവനവും പ്രയോജനപ്പെടുത്തണം. സ്വർണകടത്ത് കേസിൽ എൻഐഎ അന്വേഷണം നല്ലതാണ്. പക്ഷെ ഡിജിപിക്ക് എഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്ക് കുട പിടിക്കുകയാണ്. ഐടി വകുപ്പിൽ പിൻവാതിൽ നിയമനം ആണ് നടക്കുന്നത്. സിഡിറ്റിൽ മാത്രം 51 അനധികൃത നിയമനം നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ അഴിമതിയാണ് ഐടി വകുപ്പിൽ നടക്കുന്നത്. അനധികൃത നിയമനം നേടിയവര്‍ ഏറെയും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു