തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന വിവാഹ പാർട്ടിയിൽ സ്വപ്ന യുവാവിനെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. സ്വപ്നയുടെ സഹോദരന്റെ വിവാഹ പാർട്ടിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നന്ത്. സഹോദരന്റെ വിവാഹം മുടക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സ്വപ്ന യുവാവിനെ മർദിക്കുന്നത്. ഈ പാർട്ടിയിൽ ചില യുവാക്കൾക്കൊപ്പം സ്വപ്ന നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ വിവാഹ പാർട്ടിയിൽ പങ്കെടുത്തെന്നാണ് വിവരം. പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തെന്ന് അറിയാനായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവരുന്നത്.തിരുവനന്തപുരത്തെ ഒരു നക്ഷത്ര ഹോട്ടലിലാണ് കല്യാണ പാർട്ടി നടന്നത്. സഹോദരന്റെ ഭാര്യയുടെ ബന്ധുവായ യുവാവിനെയാണ് സ്വപ്ന മർദിക്കുന്നത്. പാർട്ടി കഴിഞ്ഞ് തിരികെ പോകുന്ന യുവാവിനെ സ്വപ്ന പിടിച്ചിരുത്തിയാണ് സംസാരിക്കുന്നതും ഒടുവിൽ മർദിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട് പാർട്ടി നടന്ന ഹോട്ടലിൽ അന്ന് തമ്പാനൂർ പൊലീസ് എത്തി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ ആർക്കും പരാതി ഇല്ലാത്തതിനാൽ അന്ന് കേസ് ഒഴിവാക്കുകയായിരുന്നു.