കേരളത്തിലേക്ക് സ്വർണ്ണം കടത്തുന്നവരിൽ ഐഎസ് ബന്ധമുള്ളവരുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
ആർക്കാണ് സ്വർണ്ണം കൊണ്ടുവന്നതെന്ന് വ്യക്തമാകാതെയാണ് പലപ്പോഴും കേസ് അന്വേഷിക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ കൂടി പിന്തുണ ഈ കേസന്വേഷണത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് സ്വർണ്ണം കടത്തുന്നവരിൽ ഭീകര സംഘടനയായ ഐഎസ്ഐഎസ് ബന്ധമുള്ളവരും ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. സ്വർണ്ണക്കടത്ത് കേസ് എൻഐഎക്ക് വിട്ടത് ഈ സാഹചര്യത്തിലാണ്. കേസന്വേഷണം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ മാത്രമായി ഒതുങ്ങില്ല.
കേന്ദ്ര സർക്കാരിലെ ഉന്നതർ ഈ വിഷയം പരിശോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കൂടി അനുമതിയോടെയാണ് അന്വേഷണം എൻഐഎക്ക് വിട്ടത്. കേരളത്തിലേക്ക് വരുന്ന സ്വർണ്ണം രാജ്യവിരുദ്ധ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ പലരും സ്വർണ്ണം എത്തിക്കാൻ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ആർക്കാണ് സ്വർണ്ണം കൊണ്ടുവന്നതെന്ന് വ്യക്തമാകാതെയാണ് പലപ്പോഴും കേസ് അന്വേഷിക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ കൂടി പിന്തുണ ഈ കേസന്വേഷണത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എൻഐഎ നിയമത്തിൽ കള്ളക്കടത്ത് അന്വേഷിക്കാൻ അനുവാദമുണ്ട്. വിദേശത്തേക്ക് പോയി അന്വേഷണം നടത്താനും എൻഐഎക്ക് അനുമതിയുണ്ട്.
രാഷ്ട്രീയ ബന്ധമടക്കം ഇതിന് പിന്നിൽ സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പെട്ടെന്ന് തന്നെ കേസ് അന്വേഷണം അവസാനിപ്പിക്കില്ലെന്നാണ് കരുതുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ മാനങ്ങൾ എൻഐഎ അന്വേഷണത്തിന് ഉണ്ടാകുമെന്നാണ് വിവരം.
കേസിൽ എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവായ ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിർദ്ദേശം. സ്വർണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിൽ ഇയാൾ സമ്മർദ്ദം ചെലുത്തിയിരുന്നു. കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് കസ്റ്റംസ് ഇന്ന് കോടതിയിൽ ആവശ്യപ്പെടും. സ്വപ്നയുടെ ഹർജി തന്നെ കുറ്റസമ്മതമാണെന്ന നിലപാടിലാണ് കസ്റ്റംസ്.
കോൺസുലേറ്റിൽ നിന്ന് പിരിഞ്ഞതിനു ശേഷവും അനൗദ്യോഗിക സേവനം സ്വപ്ന തുടർന്നതാണ് സംശയത്തിന് കാരണം. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ അറ്റാഷേ സ്വപ്നയെ വിളിച്ചതെന്തിന്? സ്വപ്ന എന്തിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്? ഇതിനെല്ലാം ഉത്തരം കിട്ടാൻ സ്വപ്നയെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കും.