കാസർകോട്ടെ ആദ്യ കൊവിഡ് മരണം,ജനറൽ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ ഏഴ് പേർ ക്വാറന്റൈനിൽ
കർണാടകയിലെ ഹുബ്ലിയിൽ പലചരക്കു കട നടത്തുന്ന അബ്ദുൾറഹ്മാൻ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ചികിത്സയുടെ ഭാഗമായി ആൻജിയോപ്ലാസ്റ്റി നടത്തിയിട്ടുണ്ട്.
കാസർകോട്: കർണ്ണാടക ഹുബ്ലിയിൽ വ്യാപാരി ആയിരുന്ന മൊഗ്രാൽ പുത്തൂർ സ്വദേശിയായ അബ്ദുൾ റഹ്മാന്റെ (55) മരണവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരുൾപ്പെടെ ഏഴുപേർ ക്വാറന്റൈനിലായി. തലപ്പാടി അതിർത്തി വരെ ആംബുലൻസിൽ വന്ന അബ്ദുൾറഹ്മാൻ ഇവിടെ നിന്ന് ബന്ധുക്കൾക്കൊപ്പം ടാക്സിയിലാണ് നാട്ടിലേക്ക് വന്നത്.ശ്വാസതടസം ഉണ്ടായ ഇദ്ദേഹത്തെ കാസർകോട് ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ മരിക്കുകയും ചെയ്തു. ആദ്യപരിശോധനയിൽ തന്നെ പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന ബന്ധുക്കളെയും ആശുപത്രിയിലെ നാലു ജീവനക്കാരെയും ആരോഗ്യ വകുപ്പ് അധികൃതർ ക്വാറന്റൈനിലാക്കി. ഇന്നലെ രണ്ടാമത്ത ഫലവും വന്നതോടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.ആംബുലൻസിൽ തന്നെ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെയെന്ന് ഡോക്ടർമാർ പറഞ്ഞു. മരണകാരണം ഹൃദയ സംബന്ധമായ അസുഖവുമാകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.കർണാടകയിലെ ഹുബ്ലിയിൽ പലചരക്കു കട നടത്തുന്ന അബ്ദുൾറഹ്മാൻ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ചികിത്സയുടെ ഭാഗമായി ആൻജിയോപ്ലാസ്റ്റി നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് നാലുദിവസം മുമ്പ് ഹുബ്ലിയിൽ വച്ച് പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് നാട്ടിലേക്ക് തിരിച്ചത്.