തിരുവനന്തപുരം: പ്രധാന തസ്തികകളില്‍ യോഗ്യത ഇല്ലാത്തവരെ നിയമിച്ച സംഭവത്തില്‍ എതിര്‍പ്പുമായി ഉദ്യോഗാര്‍ത്ഥികള്‍. എല്‍ എല്‍ ബി,എം എസ് ഡബ്ല്യു എന്നിവ യോഗ്യതയായി നിശ്ചയിച്ച അസി.ലേബര്‍ ഓഫിസര്‍ (ഗ്രേഡ് 2) തസ്തികയിലേക്കാണ് നിശ്ചിത യോഗ്യതയില്ലാത്ത യു ഡി ക്ലാര്‍ക്കുമാര്‍ക്ക് തൊഴില്‍ വകുപ്പ് നിയമനം നല്‍കുന്നത്. എസ്എസ്എല്‍സി യോഗ്യത മാത്രമുള്ളവര്‍ വരെ നിയമനം ലഭിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആക്ഷേപം.
ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. തസ്തികമാറ്റം വഴി നിയമനം നേടിയവരില്‍ നിശ്ചിത യോഗ്യതയില്ലാത്തവരെ പഴയ തസ്തികയിലേക്കു മടക്കി അയക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. അസി.ലേബര്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷയെഴുതിയവരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തൊഴില്‍ വകുപ്പിലെ തസ്തികമാറ്റം വഴിയുള്ള നിയമനവും പി എസ് സി വഴിയാക്കണമെന്നും സെക്രട്ടേറിയറ്റിലെ ലീഗല്‍ അസിസ്റ്റന്റ് നിയമനത്തിനു സമാനമായി കട്ട് ഓഫ് മാര്‍ക്ക് നിര്‍ബന്ധമാക്കണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
അതേസമയം സാധാരണ എന്‍ട്രി കേഡര്‍ തസ്തികകളിലേക്കു പിഎസ്സി വഴി നേരിട്ടു നിയമിക്കുന്നതിനു പുറമേ, നിശ്ചിത എണ്ണം ഒഴിവുകളില്‍ തസ്തികമാറ്റം വഴിയും നിയമനം നല്‍കാറുണ്ട്. ഇതിനായി പിഎസ്സി പരീക്ഷയും നടത്താറുണ്ട്. എന്നാല്‍ അസി.ലേബര്‍ ഓഫിസര്‍ തസ്തികയില്‍ തസ്തികമാറ്റം വഴിയുള്ള നിയമനത്തിനു യോഗ്യത നിശ്ചയിച്ചിട്ടില്ല. കൂടാതെ പിഎസ്സി പരീക്ഷയില്ല പകരമായി വകുപ്പുതല പരീക്ഷ ജയിച്ചാല്‍ മാത്രം മതി.