തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കസ്റ്റംസ്. ഒളിവില്‍ കഴിയുന്ന സ്വപ്ന രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാനാണ് നടപടി.
സ്വപ്നയുടെ നീക്കങ്ങളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അവര്‍ എന്തിനാണ് ഒളിക്കുന്നതെന്ന് അറിയില്ലെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഒളിവില്‍ പോയത് സ്വപ്നയെ കൂടുതല്‍ കുരുക്കിലേക്കാണ് നയിക്കുന്നത്. അവരെ എന്തായാലും പിടികൂടുമെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സ്വപ്നയുമായി അടുത്ത ബന്ധമുള്ള നാല് പേരെ മൊഴി എടുക്കാന്‍ വിളിപ്പിച്ചതായാണ് സൂചന.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുമെന്നാണ് സുചന. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ കാര്യാലയത്തിലെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് മടങ്ങിയത്.