തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. അഞ്ച് ദിവസത്തിനിടെ 600 സാമ്പിൾ പരിശോധിച്ചതിൽ (ട്രൂനാറ്റ് പരിശോധന )119 പേർക്ക് ഫലം പോസിറ്റീവാണ്. ഒരു രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ മാത്രം 120 പേരാണ് ഉള്ളത്. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകി.പ്രദേശത്ത് ആദ്യഘട്ടത്തിൽ ഒരു മത്സ്യ വ്യാപാരിക്കാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഉറവിടം അറിയാത്ത കേസുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പൂന്തുറയെ സംബന്ധിച്ച് അടുത്ത രണ്ടാഴ്ച നിർണായകമാണ്.കഴിഞ്ഞ ദിവസം ജില്ലയിൽ 54 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.തലസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള വ്യാപനത്തിന്റെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത 42 കേസുകൾ. പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യം തീരുമാനിക്കുക സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനതോതിനെ ആശ്രയിച്ചിരിക്കും.