വിവരങ്ങൾ തേടി ധനമന്ത്രി നിർമല സീതാരാമൻ ,അമ്പരന്ന് മലബാറിലെ കള്ളക്കടത്ത് ലോബി ,സ്വർണക്കടത്തു കേസ് രാജ്യ സുരക്ഷാ പ്രശ്നമായി വഴിമാറുന്നു : സി ബി ഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസിൽ ,കോഴിക്കോട്ടെ കൊടുവള്ളി ബന്ധവും അന്വേഷിക്കും
കൊച്ചി: കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ സി ബി ഐ സംഘം എത്തി. സ്വർണക്കടത്തുകേസ് രാജ്യ സുരക്ഷയെ ബാധിക്കുന്നതായതിനാൽ പ്രാഥമിക വിവരരേഖരണത്തിനുവേണ്ടിയാണ് അവർ എത്തിയതെന്നാണ് റിപ്പോർട്ട്. കസ്റ്റംസ് അധികൃതരുമായി ചർച്ച നടത്തുകയാണ് സി ബി ഐ സംഘം. തങ്ങൾക്ക് കേസ് അന്വേഷിക്കാൻ കഴിയുമോ എന്നും സി ബി ഐ പരിശോധിക്കുന്നുണ്ട്. എൻ ഐ എ ഉൾപ്പെടെയുള്ള മറ്റ് അന്വേഷണ ഏജൻസികളും കേസിനെക്കുറിച്ചുളള വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. കസ്റ്റംസ് അന്വേഷണത്തിൽ പോരായ്മകൾ ഇല്ലെന്നാണ് ഇതുവരെയുളള റിപ്പോർട്ട്.നേരത്തേ സ്വർണക്കടത്തുകേസിലെ അന്വേഷണമുൾപ്പെടെയുളള കാര്യങ്ങളിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ നടന്നിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംഭവത്തെക്കുറിച്ച് പരോക്ഷ നികുതി ബോർഡിനോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. കേസിന്റെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിന് തൊട്ടുപിന്നാലെ ഈ സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിർമലാ സീതാരാമനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സി ബി ഐ സംഘം കസ്റ്റംസ് ഒാഫീസിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.സ്വർണ്ണം കടത്തിയത് കോഴിക്കോട്ടെ കൊടുവള്ളിക്കാരന്‍ വേണ്ടിയാണെന്ന വിവരങ്ങളും സി.ബി.ഐയും കസ്റ്റംസും അന്വേഷണ വിധേയമാക്കും.