പ്രമുഖരുടെ ഉറക്കം കെടുത്തി കസ്റ്റംസ് നീക്കം ,”സ്വപ്ന” കള്ളക്കടത്ത് കേസ് അന്വേഷണം പ്രഖ്യാപിച്ച് യു .എ.ഇ ,തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് എത്തി
തിരുവനന്തപുരം:സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന സംഭവമെന്ന വിലയിരുത്തലില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഏറെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും കുറ്റകൃത്യത്തെ വിശദമായി മനസ്സിലാക്കി നടപടിയെടുക്കാന്‍ ഇന്ത്യയുടെ അന്വേഷണവുമായും സഹകരിക്കുമെന്നും യുഎഇ എംബസി അറിയിച്ചു.
ഇന്ത്യയില്‍ യുഎഇയുടെ യശസ്സിന് കളങ്കമുണ്ടാക്കിയ സംഭവമെന്ന നിലയിലാണ് കേസിനെ പ്രസ്തുത രാജ്യം സമീപിക്കുന്നത്. കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ ആരാണ് സ്വര്‍ണം അയച്ചതെന്ന് യുഎഇ അന്വേഷിക്കും. 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണമാണ് യുഎഇ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നും കണ്ടെടുത്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ പരിശോധനയില്‍ നിന്നും നയതന്ത്ര പരിരക്ഷയുള്ള ബാഗേജുകളിലൂടെ സ്വര്‍ണം കടത്തുകയായിരുന്നു സ്വപ്ന സുരേഷും സംഘവുമെന്നാണ് ആരോപിക്കപ്പെടുന്നത്. ഇത് ഏറെ നാളായി തുടര്‍ന്നു വരികയായിരുന്നെന്നും വിവരമുണ്ട്.
അതിനിടെ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇന്നലെ രാത്രിയിലും വിവിധ സ്ഥലങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ശാന്തിഗിരി ആശ്രമത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചത്. എന്തുകൊണ്ട് ശാന്തിഗിരി ആശ്രമത്തിലെത്തിയെന്നത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ആശ്രമത്തിലെ ജ്ഞാനതപസ്വി പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളാണ് കസ്റ്റംസ് അധികൃതര്‍ ചോദിച്ചറിഞ്ഞതെന്നാണ് അന്വേഷണത്തെക്കുറിച്ച് ആശ്രമം അധികൃതര്‍ പ്രതികരിച്ചത്.ഇന്നലെ രാത്രി വൈകി പോലീസ് വൈറ്റ് ഡാമര്‍ ഹോട്ടലിലും പരിശോധന നടത്തി. കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷ് താമസിക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നതാണ് സൂചന. എന്നാല്‍ സ്വപ്ന സുരേഷിനെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും കിട്ടിയില്ല.