എം.എൽ.എക്കെതിരെ കുരുക്ക് മുറുകുന്നു ,ലീഗ് നേതാക്കളുടെ ജ്വല്ലറി തട്ടിപ്പ്:മദ്രസാധ്യാപകനും വിവാഹമോചിതയായ സ്ത്രീയും വഞ്ചിതരായി, നിക്ഷേപകർ ജില്ലാ പോലീസ് ചീഫിന് പരാതി നൽകി,വാർത്ത പുറത്തുവിട്ടത് ദേശാഭിമാനി
തൃക്കരിപ്പൂർ:മുസ്ലിംലീഗ് നേതാക്കൾ ഉൾപ്പെട്ട ജ്വല്ലറി തട്ടിപ്പിനെതിരെ നിക്ഷേപകർ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി. എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ടി കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയരക്ടറുമായ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേരാണ് പരാതി നൽകിയത്. കാഞ്ഞങ്ങാട്ടെ സി ഖാലിദ് രണ്ട് തവണയായി 78 ലക്ഷം, മദ്രസ അധ്യാപകൻ പെരിയാട്ടടുക്കത്തെ ജമാലുദ്ധീൻ 35 ലക്ഷം, തളിപ്പറമ്പിലെ എം ടി പി അബ്ദുൾ ബാഷിർ അഞ്ച് ലക്ഷം, വലിയപറമ്പിലെ ഇ കെ ആരിഫ മൂന്ന് ലക്ഷം, തളിപ്പറമ്പിലെ എം ടി പി സുഹറ 15 പവൻ, ഒരു ലക്ഷം രൂപ, പടന്നവടക്കെപ്പുറം വാടക വീട്ടിൽ താമസിക്കുന്ന എൻ പി നസീമ എട്ട് ലക്ഷം, ആയിറ്റിയിലെ കെ കെ സൈനുദ്ദീൻ 15 ലക്ഷം എന്നിങ്ങനെ നൽകിയെന്നാണ് അവർ പരാതിയിൽ പറയുന്നത്. ഇവർക്ക് നൽകിയ ചെക്കുകളിലും കരാർ പത്രത്തിലും എംസി ഖമറുദ്ദീനും പൂക്കോയ തങ്ങളുമാണ് ഒപ്പിട്ടിരിക്കുന്നത്. സൈനുദ്ദീന് നൽകിയ കരാറിൽ തലശേരിയിലെ നുജൂം ജ്വല്ലറിയുടെ ചെക്കുകളാണ് കൊടുത്തത്. 800 ഓളം പേർ നിക്ഷേപകരായ ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളാണുണ്ടായിരുന്നത്. 150 കോടി രൂപ കടബാധ്യത മൂലം കഴിഞ്ഞ ഡിസംബറിലാണ് അവ അടച്ചുപൂട്ടിയത്. സ്ഥാപനത്തിന്റെ പേരിലുണ്ടായിരുന്ന കാസർക്കോട്ടെ കെട്ടിടം വിൽപന നടത്തി. പയ്യന്നൂരിലെ കെട്ടിടം വിൽക്കാനുള്ള ശ്രമത്തിനിടെ നിക്ഷേപകരിൽ ഒരാൾ പയ്യന്നൂർ കോടതിയിൽ അറ്റാച്ച്മെൻ്റ് കേസ് ഫയൽ ചെയ്തു. നിർമാണത്തിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ കെട്ടിടം 3.25 കോടി രൂപക്കും ബംഗ്ലൂരുവിലെ വ്യാപാര കേന്ദ്രം 80 ലക്ഷം രൂപക്കും വിൽപന നടത്തി. സ്ഥാപനങ്ങളുടെ ഉടമകൾ അവധി പറയുകയല്ലാതെ മാസങ്ങളായിട്ടും നിക്ഷേപിച്ച തുക നൽകാത്തതിനാലാണ് കബളിപ്പിക്കപ്പെട്ടവർ പരാതിയുമായി രംഗത്ത് വന്നത്. നിക്ഷേപകരിൽ ജീവനാംശം ലഭിച്ച തുക നൽകിയവരുംഅപകടത്തിൽ മരിച്ച ഭർത്താവിന്റെ ഇൻഷുറൻസ് തുക നൽകിയവരുമുണ്ട്. ജ്വല്ലറിയുടെ ചെയർമാനായ എംഎൽഎ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ വഖഫ് ഭൂമി തട്ടിയെടുത്ത ടാസ്ക് കോളേജ് ചെയർമാൻ കൂടിയാണ്.