ബംഗളൂരു: ഗുരു രാഘവേന്ദ്ര ബാങ്കിന്റെ മുൻ സി ഇ ഒ എം.വാസുദേവ മയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. 1400 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഗുരു രാഘവേന്ദ്ര ബാങ്കിനെതിരെ ജനുവരിയിൽ ആർ ബി ഐ അന്വേഷണമാരംഭിച്ചിരുന്നു. ആറ് മാസത്തേക്ക് ബാങ്കിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ബാങ്കിലെ എല്ലാവിധ പണമിടപാടുകളും നിറുത്തി വയ്ക്കാനും നിർദേശിച്ചിരുന്നു. നിക്ഷേപകർ 35000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ പാടില്ലെന്നും നിബന്ധന ഉണ്ടായിരുന്നു.വാസുദേവ മയ്യയ്ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുകയും ബാങ്കിന്റെ സി ഇ ഒ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. നിക്ഷേപകർക്ക് അവരുടെ പണം ലഭിക്കുമെന്നും വാസുദേവ മയ്യ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ബംഗളൂരു എംപി ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും ആവശ്യപ്പെട്ടു.ജൂൺ ആദ്യവാരത്തോടെ നിക്ഷേപകർക്ക് പിൻവലിക്കാവുന്ന പണത്തിന്റെ തുക 35000 ൽ നിന്നും ഒരു ലക്ഷമായി ആർ ബി ഐ ഉയർത്തുകയും ചെയ്തിരുന്നു. കൊവിഡ് വൈറസ് വ്യാപനമുണ്ടായിട്ടും മാസ്ക്കുകൾ ധരിച്ച് സാമൂഹിക അകലം പാലിക്കാതെയാണ് പല മുതിർന്ന ആളുകളും ബാങ്കിന് മുന്നിൽ പണം പിൻവലിക്കാനായി കാത്തുനിന്നത്.അന്വേഷണത്തിന്റെ ഭാഗമായി ജൂണിൽ മയ്യയെ അധികൃതർ റെയ്ഡ് ചെയ്തിരുന്നു. റെയ്ഡിൽ 22 കോടിയോളം രൂപ പിടിച്ചെടുത്തതായി കേസിന്റെ അന്വേഷണ ചുമതലയുളള ഉദ്യോഗസ്ഥൻ എ സി.ദിവാകർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ നിക്ഷേപകർക്കും പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും നീതി ലഭിക്കുമെന്നും വേണ്ട നടപടികൾ കെെക്കൊളളുമെന്നും കർണ്ണാടക ഉപ മുഖ്യമന്ത്രി അശ്വത് നാരായണൻ അറിയിച്ചു. ഇതിനിടയിലാണ് മയ്യയെ
മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.