തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ലെന്നായിരുന്നു കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.അന്വേഷണത്തിൽ എല്ലാം പുറത്തുവരുമെന്ന് പറയുന്ന അദ്ദേഹം മുന്നണിയ്ക്കോ പാർട്ടിയ്ക്കോ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു. രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ് ഇതെന്നാണ് കോടിയേരിയുടെ ന്യായീകരണം.കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംസ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണം. തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവൺമെൻ്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആർക്കും എൽ ഡി എഫിൻ്റെയോ, സർക്കാരിൻ്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്. ഇപ്പോൾ അന്വേഷണം നടത്തുന്ന കേന്ദ്ര സർക്കാർ ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.