കൊല്ലം: കൊട്ടാരക്കര തേവലപ്പുറത്ത് ഹോം ക്വാറന്റെെനിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് മരിച്ചു. കൊവിഡ് സംശയത്തെത്തുടർന്ന് നാട് ഭീതിയിൽ. തേവലപ്പുറം മനോജ് ഭവനിൽ മനോജ്(23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഈ മാസം രണ്ടിന് ദുബായിൽ നിന്നും എത്തിയതാണ് മനോജ്. അയൽവാസിയായ യുവാവും അന്നുതന്നെ ദുബായിൽ നിന്നും എത്തിയിരുന്നു. ഇരുവരും ഒരു വീട്ടിൽ ക്വാറന്റെെൻ സംവിധാനമൊരുക്കി കഴിഞ്ഞുവരവെയാണ് ഇന്ന് പുലർച്ചെ മനോജ് മരിച്ചത്.രണ്ട് ദിവസമായി പനിയും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും മനോജിനുണ്ടായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചെങ്കിലും മനോജ് തയ്യാറായില്ല. ഇന്ന് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് ഗൗരവം ആരോഗ്യ വകുപ്പിനും ഉണ്ടായത്. പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.