തിരുവനന്തപുരം: അനുഭവങ്ങൾ കൊണ്ട് ഒരു നൂറ്റാണ്ടിന്റെ സമരപർവം പിന്നിട്ട കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിരണ്ടാം പിറന്നാൾ. ആഘോഷങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഗൗരിയമ്മയ്ക്ക് ഇത്തവണ ജന്മദിന ആഘോഷങ്ങളൊന്നുമില്ല. നിലപാടുകളുടെ പര്യായപദം മാത്രമല്ല ഗൗരിയമ്മ, ഇന്നവർ സ്നേഹ വാത്സല്യങ്ങളൂറുന്ന കുസൃതിക്കാരി കൂടിയാണ്. ഗൗരിയമ്മയുടെ ജന്മദിനത്തിൽ അയൽക്കാരനും മുൻ കേന്ദ്രമന്ത്രിയും ആയ കെ.വി തോമസ് ഗൗരിയമ്മയെപ്പറ്റിയുള്ള ഓർമ്മകൾ കേരളകൗമുദി ഓൺലൈനിനോട് പങ്കുവച്ചപ്പോൾ..ഗൗരിയമ്മ ഏറെ കാലം പ്രതിനിധാനം ചെയ്ത അരൂർ നിയോജക മണ്ഡലത്തിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണ് മാഷിന്റെ കുമ്പളങ്ങി ഗ്രാമം. പുള്ളിക്കാരിയെപ്പറ്റി ഒരുപാട് ഓർമ്മകൾ കാണുമല്ലോ ?കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഗൗരിയമ്മ നൽകിയിട്ടുള്ള സംഭാവന വളരെ വലുതാണ്. പിന്നോക്ക സമുദായങ്ങളുടെ ഓരോ തളർച്ചയിലും ഗൗരിയമ്മ അവരെ കൈപിടിച്ച് ഉയർത്താൻ ഒപ്പം ഉണ്ടായിരുന്നു.ഗൗരിയമ്മയെ ഞാൻ പരിചയപ്പെടുന്നത് അവർ അരൂരിൽ മത്സരിക്കുമ്പോൾ പ്രചരണത്തിന് വരുന്ന സന്ദർഭത്തിലാണ്. അന്ന് ഞാൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു. അഡ്വക്കേറ്റ് ഫ്രാൻസിസ് കോൺഗ്രസ് സ്ഥാനാർത്ഥിയും ഗൗരിയമ്മ ഇടത് സ്ഥാനാർത്ഥിയുമായിരുന്നു. കോൺഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാനാണ് ഞാൻ അവിടെയെത്തുന്നത്. അന്നത്തെ പ്രസംഗങ്ങളിലെ എന്റെ ചില വാചകങ്ങൾ ഗൗരിയമ്മയ്ക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടില്ല. ഒരു പ്രസംഗം കഴിഞ്ഞ് ഞാൻ എഴുപുന്ന ജംഗ്ഷനിലെത്തുമ്പോൾ അവിടെ ഗൗരിയമ്മയുണ്ട്. എന്നെ കണ്ടപ്പോൾ കൈ കാണിച്ച് നിർത്തി അവർ പറഞ്ഞു ‘എടോ താൻ ചെറുക്കനാണ്. പറയുന്നത് നാവിൽ നിന്നാണ്. പുറത്തേക്ക് വിടുന്ന അസ്ത്രം പോലെയാണ് നാവ്. അതു കൊണ്ട് തനിക്ക് തോന്നുന്ന കാര്യമൊന്നും പറയരുത്. രാഷ്ട്രീയം പറഞ്ഞോ. പക്ഷെ എന്നെ വ്യക്തിപരമായി ആക്ഷേപിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുണ്ടാകും.’ ഞാൻ അത്ഭുതപ്പെട്ടു പോയ സംഭവമായിരുന്നു അത്.ഇതേ കർക്കശക്കാരിയായ ഗൗരിയമ്മയുടെ ആതിഥേയത്വം പിന്നീട് പല തവണ ലഭിച്ചിട്ടുണ്ടാവുമല്ലോ ?കർക്കശക്കാരിയായ ഗൗരിയമ്മയിൽ തന്നെയാണ് നല്ല മനസിന്റെ ഉടമയായ അമ്മയെ ഞാൻ കണ്ടിട്ടുള്ളത്. നല്ല മീൻകറി കുടമ്പുള്ളിയിട്ട് അവർ തന്നിട്ടുണ്ട്. അതുപോലെ തന്നെ കരിമീനും കണമ്പുമൊക്കെ ഞങ്ങളെ ഇരുത്തി തീറ്റിപ്പിച്ചിട്ടുണ്ട്. അങ്ങനെയൊരു സത്ക്കാര പ്രീയയാണ് ഗൗരിയമ്മ. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അരൂരിൽ ഉൾപ്പെടെ കേട്ടിട്ടുളള കേരം തിങ്ങും കേരള നാട് കെ.ആർ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം എന്റെ മനസിൽ ഇപ്പോഴും അലയടിക്കുകയാണ്. ആ തിരഞ്ഞെടുപ്പിൽ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്നാണ് പലരും കരുതിയത്. പക്ഷെ പാർട്ടിയുടെ തീരുമാനം മറ്റൊന്നായിരുന്നു. അരൂരിൽ മത്സരിക്കുമ്പോൾ ഗൗരിയമ്മയെ തോൽപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം എല്ലാ വിഭാഗം ജനങ്ങളുമായും പേരു വിളിച്ച് സംസാരിക്കാനുള്ള അടുപ്പം ഗൗരിയമ്മയ്ക്കുണ്ടായിരുന്നു. അത്തരമൊരു പ്രവർത്തനം ഞാൻ വേറൊരാളിൽ കണ്ടിട്ടുള്ളത് കെ. കരുണാകരനിൽ മാത്രമാണ്. കേരള രാഷ്ട്രീയത്തിലെ അത്ഭുത പ്രതിഭാസമാണ് ഗൗരിയമ്മ. ഇന്നും ഞങ്ങൾ കുമ്പളങ്ങിക്കാർക്കും അരൂരുക്കാർക്കും ഗൗരിയമ്മ അമ്മയാണ്.ഗൗരിയമ്മ പാർട്ടി വിട്ട് ജെ.എസ്.എസ് രൂപീകരിച്ച് യു.ഡി.എഫിലേക്ക് വരുന്ന സമയത്ത് കെ.കരുണാകാരന്റെ ക്യാമ്പിൽ ഉണ്ടായിരുന്ന ഒരാളാണ് താങ്കൾ. അന്നത്തെ സംഭവ വികാസങ്ങൾ ഓർത്തെടുക്കാമോ ?ഗൗരിയമ്മയെ ഇടതുമുന്നണിയിൽ നിന്ന് യു.ഡി.എഫിലേക്ക് കൊണ്ടു വരുന്നതിൽ വലിയ പങ്ക് വഹിച്ചത് ലീഡറാണ്. ലീഡർക്ക് ഗൗരിയമ്മയെ ഒരു ഇടതുപക്ഷ പ്രവർത്തക എന്ന നിലയിൽ ബഹുമാനമായിരുന്നു. അവരെ ജനപിന്തുണയെപ്പറ്റി ലീഡർ എപ്പോഴും പറയുമായിരുന്നു. ലീഡറുടെ അവസാന ദിവസം വരെയും അവർ പരസ്പരം ആദരവോടെയാണ് കണ്ടിരുന്നത്. രാഷ്ട്രീയത്തിന് അതീതമായ ബന്ധമായിരുന്നു അത്. അവരുടെ ഇച്ഛാശക്തിയെപ്പറ്റി ലീഡർക്ക് വലിയ മതിപ്പായിരുന്നു. ഇടതുമുന്നണിയുമായി ഗൗരിയമ്മ തെറ്റിയപ്പോൾ ജെ.എസ്.എസ് രൂപീകരിക്കാൻ അതിന് സഹായകരമായ അന്തരീക്ഷം സൃഷ്ടിച്ചത് കെ. കരുണാകരനായിരുന്നു. ഗൗരിയമ്മയെപോലൊരാളെ യു.ഡി.എഫിൽ എടുക്കുന്നതിലെ ബുദ്ധിമുട്ട് എല്ലാവർക്കും അറിയാമായിരുന്നു. എങ്കിൽ പോലും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ബലഹീനമാക്കാൻ ഗൗരിയമ്മയ്ക്ക് കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് അവരെ യു.ഡി.എഫിലേക്ക് കരുണാകരൻ കൊണ്ടുവരുന്നത്.എ.കെ ആന്റണി മന്ത്രിസഭയിൽ നിങ്ങൾ ഇരുവരും മന്ത്രിസഭാംഗങ്ങളായിരുന്നു. സഹപ്രവർത്തക എന്ന നിലയിൽ ഗൗരിയമ്മയുടെ പ്രവർത്തനം എങ്ങനെയായിരുന്നു ?ഞങ്ങൾ ബുധനാഴ്ചയാണ് ക്യാബിനറ്റ് കൂടിയിരുന്നത്. ചൊവാഴ്ച വൈകുന്നേരം ആകുമ്പോൾ ഫയലുകൾ കയ്യിൽ കിട്ടും. ഫയലുകളെല്ലാം അവർ വിസ്തരിച്ച് പഠിക്കുമായിരുന്നു. ഗൗരിയമ്മയുെട വകുപ്പിലെ മാത്രമല്ല എല്ലാ വകുപ്പുകളിലെയും ഫയലുകൾ അവർ പഠിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുമായിരുന്നു. വളരെ കർക്കശക്കാരിയായിരുന്നു. ആരുടെ വകുപ്പ് ആണെന്നല്ല ഗൗരിയമ്മ നോക്കുന്നത്, ആ ഫയലിൽ എന്താണെന്നാണ്. ഞാൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് പല സന്ദർഭങ്ങളിലും ഗൗരിയമ്മയുമായി തർക്കങ്ങളുണ്ടായിട്ടുണ്ട്. കള്ളുഷാപ്പുകളുടെയും ബാറുകളുടെയുമൊക്കെ കാര്യത്തിൽ പലപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി ഗൗരിയമ്മയെ തെറ്റിക്കരുതെന്ന് എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ രംഗത്ത് അവർക്ക് വലിയ പരിചയമുണ്ടെന്നും എന്ത് തർക്കമുണ്ടെങ്കിലും ഗൗരിയമ്മയെ കണ്ട് സംസാരിച്ച് തീർക്കണമെന്നും ആന്റണി പറയുമായിരുന്നു.പിന്നീട് ഗൗരിയമ്മ യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് മടങ്ങിപോകുന്ന സാഹചര്യമുണ്ടായി. അതൊരു തിരിച്ചടിയായിരുന്നില്ലേ ?ഗൗരിയമ്മയുടെ രക്തത്തിൽ ഇടതുപക്ഷമുണ്ട്. അവർക്ക് ശക്തമായ ഇടതുപക്ഷ കാഴ്ചപ്പാടാണുള്ളത്. പാവപ്പെട്ടവർക്കൊപ്പവും അരൂരിലെ കർഷക തൊഴിലാളികൾക്ക് ഒപ്പവും ആണ് അവർ എന്നും നിന്നിരുന്നത്.അതായിരിക്കണം അവർ ഇടതുപക്ഷ കാഴ്ചപ്പാടിലേക്ക് കൂടുതൽ ശക്തയായി തിരികെ പോയത്.കേരള രാഷ്ട്രീയത്തിൽ ഇന്നും ഗൗരിയമ്മയ്ക്ക് പകരം ഗൗരിയമ്മ മാത്രമാണ്. എത്രയൊക്കെ പുരോഗമനവാദം പറയുമ്പോഴും വേറൊരു ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല ?ഗൗരിയമ്മയുടെ തന്റേടം അവരുടെ ഇച്ഛാശക്തി ആരെയും കൂസാത്ത സ്വഭാവം കാര്യങ്ങൾ പഠിക്കുന്ന മനസ് അതൊക്കെ അവർക്ക് മാത്രമെ ഉള്ളൂ. അതുകൊണ്ടാണ് കേരള രാഷ്ട്രീയത്തിൽ നമുക്ക് ഗൗരിയമ്മയ്ക്ക് മറ്റൊരു ബദലിനെ കാണാൻ സാധിക്കാത്തത്. പെട്ടെന്ന് എല്ലാവരേയും സ്നേഹിക്കുന്ന ഒരു സ്ത്രീയല്ല അവർ. ആദ്യം കാണുമ്പോൾ തന്നെ എന്താടോ എന്താ കാര്യം അങ്ങനെ ദേഷ്യത്തിലൊക്കെയാണ് സംസാരിക്കുന്നത്. പക്ഷെ ഗൗരിയമ്മയോട് ഒരു കാര്യം പറഞ്ഞാൽ അത് നടക്കുമെന്ന ഒരു വിശ്വാസം ഞങ്ങളുടെ ഈ പ്രദേശത്തുള്ളവർക്ക് എല്ലാമുണ്ട്. സാധാരണക്കാരുടെ അമ്മയാണ് അവർ.