അന്ന് സരിത, ഇന്ന് സ്വപ്ന:ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് അവഗണിച്ചതെന്തിന് , ജനം സ്വപ്നലോകത്തല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം ആഞ്ഞടിച്ച് ബി.ജെ.പി.
തിരുവനന്തപുരം: സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഐ.ടി വകുപ്പില്‍ ജോലി നല്‍കിയത് എന്തിനാണെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് യുവതിക്ക് ജോലി ലഭിച്ചത്. ഐ.ടി സെക്രട്ടറിയുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം. അന്ന് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്നയാണെന്നും എന്നാല്‍ ജനം സ്വപ്നലോകത്തല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വപ്നയെ ഉന്നത സ്ഥാനങ്ങളിലിരുത്തുന്നത് സര്‍ക്കാരിന് ചീത്തപ്പേരാകുമെന്ന് നേരത്തെ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് ലഭിച്ചതാണ്. പ്രധാനപ്പെട്ട ഓഫീസുകളിലടക്കം ഇവര്‍ കറങ്ങി നടക്കുന്നുണ്ടായിരുന്നു. പല പദ്ധതികളുടെയും നടത്തിപ്പിന്റെ ചുമതല ഇവര്‍ക്കായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. യു.എ.ഇ കോണസുലേറ്റില്‍ നിന്നും പിരിച്ചുവിട്ടവര്‍ക്ക് സി പി എം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.