ന്യൂദല്‍ഹി: ഇന്ത്യ-ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രത്തിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ പ്രദേശത്തേക്ക് പുറത്ത് നിന്ന് ആരും കടന്നുവന്നിട്ടില്ലാ എന്നപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുലിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി ദേശിയ
അദ്ധ്യക്ഷന്‍ ജെ.പി നദ്ദ.
രാഹുല്‍ രാജ്യത്തെ നിരാശപ്പെടുത്തുകയും ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം ചോര്‍ത്തുകയും ആണെന്നാണ് നദ്ദയുടെ വാദം. പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തില്ലെന്നു പറഞ്ഞ നിദ്ദ രാഹുല്‍ ഒരു നാടുവാഴി പാരമ്പര്യത്തിലാണ് ജീവിക്കുന്നതെന്നും പറഞ്ഞു.
കൊവിഡ്, നോട്ട് നിരോധനം, ജി.എസ്.ടി; ഭാവിയില്‍ പരാജയത്തെക്കുറിച്ച് ഹാര്‍വാര്‍ഡിന്റെ 3 കേസ് സ്റ്റഡി ഇവയെക്കുറിച്ചാവും കേന്ദ്രത്തിനെതിരെ രാഹുല്‍
” പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം രാജ്യത്തെ നിരാശപ്പെടുത്തുകയും നമ്മുടെ സായുധ സേനയുടെ വീര്യത്തെ ചോദ്യം ചെയ്യുകയും ഉത്തരവാദിത്തമുള്ള പ്രതിപക്ഷ നേതാവ് ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്യുകയും ചെയ്യുന്നു,” നദ്ദ ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധി മഹത്തായ നാടുവാഴി പാരമ്പര്യത്തില്‍ പെടുന്ന ആളാണെന്നും അത്തരം ഒരുസാഹചര്യത്തിലുള്ള ആള്‍ക്ക് പ്രതിരോധവും കമ്മറ്റികളും ഒരു വിഷയമല്ലെന്നും നദ്ദ പറഞ്ഞു.
”പാര്‍ലമെന്ററി കാര്യങ്ങള്‍ മനസിലാക്കുന്ന അര്‍ഹതയുള്ള നിരവധി അംഗങ്ങള്‍ കോണ്‍ഗ്രസിനുണ്ട്, എന്നാല്‍ ഒരു നാടുവാഴി ഒരിക്കലും അത്തരം നേതാക്കളെ വളരാന്‍ അനുവദിക്കില്ല. ശരിക്കും സങ്കടമുണ്ട്. ‘ നദ്ദ പറഞ്ഞു.
അതിര്‍ത്തി വിഷയത്തില്‍ കേന്ദ്രത്തിന് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയ രാഹുല്‍ ഏറ്റവും ഒടുവില്‍ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് രംഗത്തെത്തിയത്. മഹാഭാരതം 18 ദിവസം കൊണ്ടാണ് അവസാനിച്ചതെങ്കില്‍ കൊവിഡിനെതിരെയുള്ള യുദ്ധം 21 ദിവസംകൊണ്ടും തീരും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സഹിതമുള്ള ട്വീറ്റ് തിങ്കളാഴ്ച രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.