കാനത്തിന് മറുപടിയില്ല ,’സ്വതന്ത്രമായി നിൽക്കും, ദേശീയ തലത്തിൽ യുപിഎയുടെ ഭാഗം’, ജോസ് കെ മാണി
കേരളത്തിലെ യുഡിഎഫിലില്ലെങ്കിലും കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ്. നേരത്തെയും യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി യുപിഎയ്ക്ക് ഒപ്പമായിരുന്നു’.
കോട്ടയം: ഇടതുമുന്നണിയിലേക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് നിലവിലെ തീരുമാനം. അതുകൊണ്ട് കാനം രാജാന്ദ്രന് മറുപടി പറയേണ്ടതില്ല. കേരളത്തിലെ യുഡിഎഫിലില്ലെങ്കിലും കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ്. നേരത്തെയും യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി യുപിഎയ്ക്ക് ഒപ്പമായിരുന്നുവെന്നും ജോസ് കെ മാണി വ്യക്തമാക്കി.
യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ജോസ് കെ മാണി ഇടതുമുന്നണിയിലേക്കെന്ന വ്യാഖ്യാനങ്ങളുയര്‍ന്നിരുന്നു. യുഡിഎഫില്‍ ജോസ് പക്ഷം പുറത്തായ സാഹചര്യം പരമാവധി മുതലെടുക്കാനുള്ള നീക്കം സിപിഎമ്മും നടത്തി. സിപിഐ ഉള്‍പ്പടെ എതിര്‍പ്പ് അറിയിച്ചെങ്കിലും ജോസ് എത്തിയാല്‍ മധ്യതിരുവിതാകൂറില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാമെന്ന് സിപിഎം കണക്ക് കൂട്ടുന്നു.
ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ തള്ളാത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ജോസ് കെ മാണി നിലപാട് വ്യക്തമാക്കണമെന്നും അവരുടെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടത് മുന്നണിയിൽ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
എന്നാൽ ജോസ് പക്ഷത്തെ എൽഡിഎഫിൽ വേണ്ടെന്നും സംസ്ഥാനത്ത് ഇപ്പോഴുള്ള തുടർ ഭരണ സാധ്യതയെ ദുര്ബലപ്പെടുത്തരുതെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. വിലപേശുന്ന പാര്‍ട്ടിയായ ജോസ് പക്ഷത്തെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം വ്യക്തമാക്കിയിരുന്നു. അതേ സമയം ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎയും ജോസ് പക്ഷത്തെ ഒപ്പം കൂട്ടാൻ കരുക്കള്‍ നീക്കുന്നുണ്ട്.