ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ച് ഉയര്‍ന്ന് കോവിഡ് രോഗ ബാധിതര്‍. 24 മണിക്കൂറിനിടെ 24,248 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് 20000ത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു.
424,433 ആളുകള്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 61 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. 2,53,287 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
അതേസമയം 24 മണിക്കൂറിനിടെ 425 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ 19,693 കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കൂടുതല്‍ നാശം വിതച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2.06 ലക്ഷം കടന്നു. 8822 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. തമിഴ്നാട്ടില്‍ 1,11,151 രോഗികളാണുള്ളത്. ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. 3000 ത്തിലധികം പേരാണ് ഇവിടെ മരണമടഞ്ഞത്.
രോഗവ്യാപന നിരക്ക് കൂടുതലുള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെന്നാണ് കണക്ക്. തെക്കെ ഇന്ത്യയില്‍ കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു എന്നാണ് സ്ഥിതിവിവര കണക്കുകള്‍ നല്കുന്ന വിവരം. രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 25.85 ശതമാനം കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്.
വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്.കോവിഡ് ബാധിതരില്‍ നാലാം സ്ഥാനത്തുള്ള റഷ്യയില്‍ 6.81 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29 ലക്ഷത്തോളം രോഗികളുള്ള അമേരിക്കയും 16 ലക്ഷത്തിലേറെ രോഗബാധിതരുള്ള ബ്രസീലുമാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍.