ഇത് മാതൃകാപരമായ പ്രവര്‍ത്തനമാണ് ,റൂട്ട് മാപ്പുകൾ തയ്യാറാക്കലിൽ തുടങ്ങിയ കോവിഡ് കണ്ട്രോള് റൂമിൽ ഇപ്പോൾ ദിനംപ്രതി ലഭിക്കുന്നത് 1800ഓളം കോളുകള്‍, വിശ്രമമില്ലാതെ ജില്ലാ കളക്ടറും ജീവനക്കാരും
കാസർകോട് : ഒരുഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്ന മേഖലകളിലൊന്നായ ജില്ല പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അടച്ചുപൂട്ടലുകളില്‍ നിന്നും വഴിമാറി കാര്യങ്ങള്‍ പുതിയതലത്തിലെത്തിയെങ്കിലും കോവിഡിനെ തുരത്താന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്ട്രോള് റൂമിന് ഇനിയും വിശ്രമിക്കാനായിട്ടില്ല. മൂന്നരമാസത്തിനിടെ സാഹചര്യങ്ങള്‍ക്ക് പലരീതിയില്‍ രൂപമാറ്റം സംഭവിച്ചപ്പോള്‍ സന്ദര്‍ഭോചിതമായ പ്രവര്‍ത്തനവുമായാണ് കണ്ട്രോള് റൂം മുന്നോട്ട് പോവുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ മാര്‍ച്ച് 16നാണ് കോവിഡ് കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത്ബാബുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ ആദ്യഘട്ടത്തില്‍ 13 പേര് വരെ വിവിധ ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ചിരുന്നു. ഐടി@സ്കൂളില്‍ നിന്നുള്ള ഏഴ് അധ്യാപകര്‍ റവന്യു വിഭാഗത്തില്‍ നിന്നും രണ്ട് പേര്, സാമൂഹിക സുരക്ഷാ മിഷന്3, എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ നിന്നും ഒരാള്‍ വീതവുമായിരുന്നു എത്തിയിരുന്നത്.
റൂട്ട് മാപ്പുകളുമായി തുടക്കം
തുടക്കത്തില്‍ കോവിഡ് ബാധിതരുടെ റൂട്ട് മാപ്പുകള്‍ തയ്യാറാക്കുന്ന ശ്രമകരമായ ജോലിയായിരുന്നു കണ്ട്രോള് റൂം ചെയ്തത്. മാര്‍ച്ച് 17നായിരുന്നു ജില്ലയില്‍ ആദ്യത്തെ റൂട്ട് മാപ്പ് തയ്യാറാക്കിയത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 26 മുതല്‍ റൂട്ട് മാപ്പ് തയ്യാറാക്കല്‍ നിര്‍ത്തിവെച്ചു. ലോക്ഡൗണില്‍ പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിനായിരുന്നു പിന്നീട് ഊന്നല്‍ നല്‍കിയത്. പ്രധാനമായും ഭക്ഷണം, മരുന്ന്, യാത്രാപാസ് എന്നീ മൂന്ന് മേഖലകളിലേക്കായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോക്ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ ദുരിതത്തിലായവരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്കി. ഭക്ഷണവും മരുന്നും ആവശ്യമുള്ളവര്‍ക്കായി മൂന്ന് ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തി. ഭക്ഷണം ആവശ്യമുള്ളവര്‍ക്കായി ബന്ധപ്പെട്ട വാര്‍ഡ് അംഗങ്ങളെയും കമ്മ്യൂണിറ്റി കിച്ചണുകളെയും ബന്ധപ്പെട്ടു. എന്‍ഐസിയുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് രോഗികള്‍ക്കുള്ള മരുന്നുകള്‍ എത്തിച്ചത്. മാര്‍ച്ച് 26ന് ആരംഭിച്ച ഈ പ്രവര്‍ത്തനങ്ങള്‍ ആവശ്യക്കാരില്ലാതായതോടെ മെയ് ആറിന് നിര്‍ത്തിവെച്ചു. ഈ ദിവസങ്ങളില്‍ 1972 പേര് കണ്ട്രോള് റൂമിലേക്ക് ഭക്ഷണത്തിനായി വിളിക്കുകയും ആവശ്യം പൂര്‍ത്തീകരിക്കുകയും ചെയ്തു. മരുന്നിനായി വിളിച്ച 113 പേര്‍ക്ക് സഹായം എത്തിച്ചു.
ലോക്ഡൗണ്‍ കാലത്ത് വ്യാപാരികള്‍, അവശ്യസേവന മേഖലകളിലേര്പ്പെടുന്നവര്, വളണ്ടിയര്‍മാര്‍ക്ക് സമയബന്ധിതമായി പാസുകള്‍ ലഭ്യമാക്കി. അവശ്യ സേവനം, മൊത്തവിതരണക്കാര്‍, വ്യാപാരികള്‍, രോഗികള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പാസ് വിതരണം ചെയ്തത്. ആവശ്യക്കാര്‍ക്ക് മൂന്ന് ഫോണ്‍ നമ്പറുകളില്‍ വിളിക്കാനുള്ള സൗകര്യമൊരുക്കി. മാര്‍ച്ച് 25നാണ് ആദ്യത്തെ പാസ് അനുവദിച്ചത്. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മെയ് 16ന് പാസ് വിതരണം ചെയ്യുന്നത് നിര്‍ത്തി വെച്ചു. അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ പാസ് ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട താലൂക്കുകളിലേക്കായിരുന്നു കൈമാറിയിരുന്നത്. ഈ കാലയളവില്‍ ആകെ അപേക്ഷിച്ച 5849 പേരില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 5582 പേര്‍ക്ക് പാസ് അനുവദിച്ചു. അവശ്യസര്‍വീസിന് 2518 പാസും മൊത്തവ്യാപാരികള്‍ക്ക് 943, വ്യാപാരികള്‍ക്ക് 1955, രോഗികള്‍ക്ക് 166 പാസുകളുമാണ് നല്‍കിയത്.
ദിനംപ്രതി 1800ഓളം കോളുകള്‍
ആദ്യഘട്ടം മുതല്‍ തന്നെ കോവിഡുമായി ബന്ധപ്പെട്ട ജനങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും കണ്ട്രോള് റൂമാണ് മറുപടി നല്കി വരുന്നത്. മൂന്ന് ഫോണുകളിലായി മിനുട്ടില്‍ മൂന്ന് കോളുകളാണ് വരുന്നത്. ഇങ്ങനെ ഒരുദിവസം 1800 ഓളം ഫോണ്‍കോളുകളാണ് കണ്ട്രോള് റൂമിലേക്കെത്തുന്നത്. കടതുറക്കാന്‍ പറ്റുമോ, ഏതൊക്കെ ദിവസങ്ങളിലാണ് ഇളവുള്ളത്, മരുന്ന് ലഭിക്കാന്‍ എന്ത് ചെയ്യണം, പാസ് എങ്ങനെ നേടാം, വിലവര്‍ധനവിനെതിരേ എന്ത് നടപടി എടുക്കണം, കണ്ടൈന്‍മെന്റ് സോണുകള്‍ ഏതൊക്കെ, ഇളവുകള്‍ എന്തൊക്കെ തുടങ്ങി എല്ലാവിധ സംശയങ്ങള്‍ക്കും മറുപടി നല്കുന്നു. മറ്റു വകുപ്പുകളുടെ ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നു. രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളീയര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തുടങ്ങിയതോടെയാണ് അടുത്ത ഘട്ടം ആരംഭിച്ചത്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പാസിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് കണ്ട്രോള് റൂമാണ്. എഡിഎം, സബ്കളക്ടര്‍ എന്നിവര്‍ക്കാണ് പാസ് അനുമതി നല്കാന് അധികാരമുള്ളത്. പാസ് ലഭിക്കാത്തതിനുള്ള കാരണങ്ങളില്‍ അന്വഷണം നടത്തുകയും അപേക്ഷകരുടെ സംശയദൂരീകരണം നടത്തേണ്ടതും കണ്ട്രോള് റൂമിന്റെ ചുമതലയാണ്.