ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോണിലൂടെ ചർച്ച നടത്തി. പാകിസ്ഥാന്റെ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമാണ് ചർച്ച നടത്തിയത്. ‘പൊതുവായ വെല്ലുവിളി’കളെ നേരിടാൻ പരസ്പരം സഹകരിക്കാനാണ് ഇരുവരും നടന്ന ചർച്ചയിലെ തീരുമാനം. ഇന്ത്യയുടെ അതിർത്തിയിലെ നടപ്പ് രീതികളും അതിർത്തി വകസന പദ്ധതികളും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്നാണ് ഇരു രാജ്യങ്ങളും ആരോപിക്കുകയാണ്. മൂന്ന് വട്ടം അതിർത്തി സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും ചൈനയും ചർച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പാക്-ചൈന ചർച്ച.ചൈന തങ്ങളുമായി എക്കാലത്തും സഹകരിക്കുന്ന മികച്ച സുഹൃത്തുക്കളാണെന്ന് ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചു. ഇരു രാജ്യങ്ങളും പൊതു വെല്ലുവിളികൾ വരുമ്പോൾ പിന്തുണക്കുകയും സഹകരിക്കുകയും ചെയ്യും. ചൈനയുടെ ഒറ്ര ചൈന നയത്തെ പിന്തുണക്കുകയാണ് പാകിസ്ഥാൻ. ഹോങ്കോംഗ്, ടിബറ്റ്,തായ്വാൻ,ത്സിൻ ജിയാങ് എന്നീ തർക്ക പ്രദേശങ്ങൾ ചൈനക്ക് സ്വന്തമാക്കാനുളള നയമാണിത്.അതിർത്തികളിലെ പ്രശ്നങ്ങൾ പരസ്പരം ചർച്ചയിലൂടെ പരിഹരിക്കണം. ഏകപക്ഷീയമോ, ബലം പ്രയോഗിച്ചോ, നിയമ വിരുദ്ധമോ ആയി അവ ചെയ്യരുത്; പാകിസ്ഥാൻ വ്യക്തമാക്കി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ പരോക്ഷമായി സൂചിപ്പിച്ച് ഖുറേഷി പറഞ്ഞു.അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ പാകിസ്ഥാൻ നടപ്പാക്കുന്ന പദ്ധതികളെ ചൈനീസ് വിദേശകാര്യം മന്ത്രി വാങ് യി അഭിനന്ദിച്ചു. ചൈനയുടെ പ്രതിസന്ധി ഘട്ടത്തിൽ തുണയായ പാകിസ്ഥാനോട് വാങ് യി നന്ദി അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ സമാധാനം ഉറപ്പിക്കാൻ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനമായി. വൈകാതെ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളും യോഗം ചേരാനും തീരുമാനിച്ചു.