ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്ബര്‍ക്കമുണ്ടെന്ന് സംശയിക്കുന്ന 80 വിദ്യാര്‍ഥികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
7.60 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ജൂണ്‍ 25 മുതല്‍ ജൂലൈ മൂന്നു വരെ നടന്ന പരീക്ഷ എഴുതിയത്. 14,745 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരായില്ല. 3,911 കുട്ടികള്‍ കണ്ടെയ്ന്മെന്റ് സോണിലായതിനാല്‍ പരീക്ഷ എഴുതാനായില്ല. അസുഖം ബാധിച്ചതിനാല്‍ 863 കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തില്ല.
കഴിഞ്ഞാഴ്ച ഹസനില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പരിശോധന നടത്തിയിട്ടും ജൂണ്‍ 25ന് ഒരു വിദ്യാര്‍ഥി പരീക്ഷ എഴുതിയതായും റിപ്പോര്‍ട്ടുണ്ട്. പരീക്ഷ എഴുതിയതിനു തൊട്ടുപിന്നാലെ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന ഫലം വരുകയും ചെയ്തു.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ഒമ്ബത് വരെ നടക്കാനിരുന്ന എസ്എസ്എല്‍സി പരീക്ഷ കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാറ്റിവെക്കുകയായിരുന്നു. പരീക്ഷാ ഹാളില്‍ ഹാന്‍ഡ് സാനിറ്റൈസറും കോവിഡ് ലക്ഷണമുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക മുറിയും ക്രമീകരിച്ചിരുന്നു.