ന്യൂഡല്‍ഹി : ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ യുദ്ധസമാനമായ സൈനിക നീക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതിനാല്‍ തന്നെ കൊവിഡ് കാലത്തും ലോകത്തിന്റെ ഒരു കണ്ണ് ലഡാക്കില്‍ എന്ത് സംഭവിക്കുന്നു എന്നതിലാണ്. എന്നാല്‍ ലഡാക്കിലെ ചുഷോട്ട് എന്ന കൊച്ചുഗ്രാമത്തിന് ഇങ്ങനെയുള്ള ചിന്തകളൊന്നുമില്ല. കാരണം ഇന്ത്യന്‍ സൈന്യവുമായി എല്ലാദിവസവും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ ഗ്രാമം;കേവലം അറുപത്തിമൂന്ന് വീടുകള്‍ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്, എന്നാല്‍ ഈ വീടുകളിലെല്ലാം ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കുന്ന ചെറുപ്പക്കാര്‍ ഉണ്ട് എന്നതാണ് ചുഷോട്ടിനെ വ്യത്യസ്തമാക്കുന്നത്. ഇവിടെയുള്ള യുവതികള്‍ ജന്മം നല്കുന്ന കുട്ടികള്‍ ആണ്കുട്ടിയാണെങ്കില് കുടുംബത്തിന് മകന്റെ ഭാവിയെ കുറിച്ച് അധികം ചിന്തിക്കേണ്ട ആവശ്യമില്ല, പഠിപ്പുകഴിഞ്ഞാല്‍ പട്ടാളത്തില്‍ ചേര്‍ക്കണം എന്നതായിരിക്കും അവരുടെ ചിന്ത. വളര്‍ന്ന് വരുന്ന കുട്ടികളിലും സൈനിക സേവനത്തിനുള്ള ആഗ്രഹം ചെറുപ്രായത്തിലേ മുളപൊട്ടും.ചുഷാട്ട് ഗ്രാമത്തിലുള്ളവരുടെ ഈ സ്വഭാവത്തെ കുറിച്ച് സംശയമുള്ളവര്‍ 34കാരിയായ സാറാ ബാനോയ്ക്ക് പറയാനുള്ളത് കേള്‍ക്കുക, സൈനികന്റെ വിധവയായ സാറായ്ക്ക് മൂന്ന് സഹോദരന്മാരാണുള്ളത്, ഇവരെല്ലാം സൈന്യത്തിലാണ്. ഇനി തനിക്കുള്ള രണ്ട് ആണ്മക്കളുടെ കാര്യത്തിലും സാറായ്ക്ക് ആധിയൊന്നുമില്ല, സൈന്യത്തില്‍ ചേര്‍ക്കാം. എന്നാല്‍ രണ്ട് പെണ്മക്കളുടെ കാര്യത്തിലാണ് ഇവരുടെ ആശങ്ക. അതിര്‍ത്തി പ്രദേശമായതിനാല്‍ ഉന്നത പഠനത്തിനായുള്ള സൗകര്യങ്ങളൊന്നുമില്ലെന്നാണ് ഇവരുടെ ദു:ഖം. സൈന്യത്തില്‍ ചേരുന്ന യുവാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കാത്തത് ഉയര്‍ന്ന റാങ്കുകളിലേക്കുള്ള സ്ഥാനത്തിന് തടസമാകാറുണ്ട്.;ലഡാക്കിലെ ഭൂപ്രകൃതിയുമായും ദുര്‍ഘടമായ പാതകളുമായും എളുപ്പം ഇണങ്ങുന്നതോടെ ചൈനയുമായുള്ള അതിര്‍ത്തിയില്‍ മുന്‍നിരയില്‍ തന്നെ ചുഷോട്ട് ഗ്രാമത്തില്‍ നിന്നുള്ള സൈനികരുണ്ടാവും. 1971ലെ ഇന്ത്യ പാക് യുദ്ധത്തില്‍ പങ്കെടുത്ത ഗുലാം മുഹമ്മദിന്റെ രണ്ട് മക്കളും സൈനികരാണ്. ഒരാള്‍ സിയാച്ചിന്‍ മേഖലയിലാണ് മറ്റൊരാള്‍ ഗാല്‍വാനിലും.