മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച രണ്ട് യുവാക്കള്‍ക്ക് കൊവിഡ്, നിരവധിപ്പേരുമായി സമ്പര്‍ക്കം,
നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി കടകളിലടക്കം പോയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കട അടയ്ക്കാൻ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മലപ്പുറം: മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ ചീക്കോട്, ഊർങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്വാറന്റീനില്‍ കഴിയവേ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൊതു ഇടങ്ങളില്‍ ഇറങ്ങി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ചീക്കോട് സ്വദേശിയായ യുവാവിന് നിരവധി പേരുമായി സമ്പർക്കമുണ്ടായതായാണ് വിവരം.
കഴിഞ്ഞ ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നാണ് യുവാവ് എത്തിയത്. നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി കടകളിലടക്കം പോയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ മാസം 23 ന് ഇയാള്‍ മൊബൈൽ കടയിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കട അടയ്ക്കാൻ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ഊർങ്ങാട്ടിരിയിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവും ക്വാറന്റീൻ ലംഘിച്ചു. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂലൈ ഒന്നിനാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അതേ സമയം എടപ്പാളിലെ രണ്ടു ആശുപത്രികളിലുമായി പരിശോധന നടത്തിയ 680 പേരിൽ 676 പേരുടെ ഫലം നെഗറ്റീവ്. ഒരു വയസുള്ള കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു പേരുടെ ഫലം കൂടി ഇനി പുറത്തുവരാനുണ്ട്.
മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച യുവാവിന് കൊവിഡ്, നിരവധിപ്പേരുമായി സമ്പര്‍ക്കം, സിസിടിവി ദൃശ്യങ്ങള്‍