കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുന്നു. മൂവായിരം പേരെക്കൂടി കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും തുറമുഖങ്ങളിലും ആളുകള്‍ കൂടുന്നത് തടയാന്‍ അധിക നിയന്ത്രണം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയില്‍ ഒരു ദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്കത്തിലെത്തുന്നത്. ജില്ലയില്‍ രോഗം നിയന്ത്രണ വിധേയമാണെങ്കിലും ഏത് സാഹചര്യത്തേയും നേരിടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കൂടുതല്‍ പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കും. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ നടപടികള്‍ കര്‍ശനമാക്കും. ആശുപത്രികളിലെ ഒപി തിരക്ക് നിയന്ത്രിക്കാന്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണിത്. ജില്ലയിലെ 25 ആശുപത്രികളെ ബന്ധപ്പെടുത്തിയാണ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുക