വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുന്നതിന് പിന്നാലെ ലോകത്തെ പ്രതിദിന വർദ്ധന ആദ്യമായി രണ്ട് ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മാത്രം കഴിഞ്ഞദിവസം അരലക്ഷത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രസീലിൽ 47,984 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് പോസിറ്റീവായത്. ദക്ഷിണാഫ്രിക്കയിൽ 8,728 പേർക്കും റഷ്യയിൽ 6,760 ആളുകളിലും മെക്സിക്കോയിൽ 5,681 പേർക്കും പുതുതായി രോഗം കണ്ടെത്തി.ലോകത്താകമാനം ഇതുവരെ 1,10,10,562 പേർക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. ആഗോള മരണസംഖ്യ 5,24,559 ആയി. ഏറ്റവും കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയ അമേരിക്കയിൽ 28,37,189 ആയി രോഗബാധ. മരണസംഖ്യ 1,31,485 ഉം. രോഗവ്യാപനത്തിൽ രണ്ടാമതുള്ള ബ്രസീലിൽ 1,501,353 പേർ രോഗികളായി. റഷ്യയിലും ഇന്ത്യയിലും ആറ് ലക്ഷത്തിലേറെ പേരിൽ വീതം രോഗം വ്യാപിച്ചുകഴിഞ്ഞു.ചൈനയെ ആവർത്തിച്ച് കുറ്റപ്പെടുത്തി ട്രംപ്കൊവിഡ് ചൈനയിൽ നിന്നുള്ള മഹാമാരിയാണെന്നും ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയൊരു വ്യാപാര കരാർ ഒപ്പിട്ടിരുന്നുവെന്നും അതിന് പിന്നാലെയാണ് ചൈനയിൽ നിന്നും ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘ചൈനയിൽ നിന്നുള്ള മഹാമാരി ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു. എന്നാൽ അവരത് അനുവദിച്ചു. പുതിയൊരു വ്യാപാര കരാർ ഒപ്പിട്ടിരുന്നു. അതിന്റെ മഷിയുണങ്ങും മുമ്പാണ് ഈ മഹാമാരി സംഭവിച്ചത്.’ ട്രംപ് പറഞ്ഞു. കൊവിഡിന് പിന്നിൽ ചൈനയാണെന്ന ആരോപണം മുമ്പും ട്രംപ് ഉന്നയിച്ചിരുന്നു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് കാണുമ്പോൾ ചൈനയോടുള്ള ദേഷ്യം വർദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ ട്രംപ് പറഞ്ഞിരുന്നു.