ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് അനുകൂലമായ നിലവിലെ നിയമങ്ങൾ കാലഹരണപ്പെട്ടതാണെന്നും, ദേശീയ താൽപ്പര്യത്തിനനുസൃതമായി പരിഷ്കരിക്കണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യൻ കമ്പനികൾക്ക് ഗുണകരമായ രീതിയിൽ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.’നമ്മുടെ നിയമങ്ങൾ കാലഹരണപ്പെട്ടതാണ്. നമ്മുടെ പല വ്യവസ്ഥകളും കരാറുകാരെ പിന്തിരിപ്പിക്കുന്നു. വലിയ ഹൈവേകളുടെയും പാലങ്ങളുടെയും കാര്യം നോക്കാം. അത്തരം വലിയ പദ്ധതികൾ അനുഭവ സമ്പത്തുള്ളവർക്ക് മാത്രമേ അനുവദിക്കൂവെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയിലെ ഒരു കമ്പനിയും അത് ഏറ്റെടുത്ത് ചെയ്തിട്ടില്ലെന്ന് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.’ഞാൻ നമ്മുടെ ജനങ്ങളോട് പറയുന്നു. നമ്മുടെ നിയമങ്ങൾ തെറ്റാണ്. അനുഭവ പരിചയമോ, വലിയ പദ്ധതികൾ നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ പോലും, സാമ്പത്തിക ഭദ്രതയുണ്ടാകാൻ വിദേശ കമ്പനികളുമായി കൂടിച്ചേർന്ന് സംയുക്ത സംരംഭങ്ങൾക്ക് ഇന്ത്യയിലെ കരാറുകാർ നിർബന്ധിതരാകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനീസ് കമ്പനികളുമായി ചേർന്നുള്ള സംയുക്ത സംരംഭങ്ങൾക്ക് കരാർ നൽകുന്നത് തെറ്റാണ്, അത് രാജ്യതാത്പര്യത്തിന് എതിരാണെന്നും ഗഡ്കരി പറഞ്ഞു.
ആത്മനീർഭർ ഭാരത് പദ്ധതിയെ ചൈനയുമായി കൂട്ടിയിണക്കരുത്. നമ്മുടെ മത്സരശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. കുറഞ്ഞ മൂലധനത്തിൽ ചെയ്യാവുന്നതാകണം. നമ്മുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുകയും, എം.എസ്.എം.ഇ മേഖലകളിൽ വിദേശ നിക്ഷേപം വർദ്ധിപ്പിക്കുകയും വേണം. നമുക്ക് എല്ലാ സാങ്കേതിക ശേഷിയും ഉണ്ട്’ അദ്ദേഹം പറഞ്ഞു.