ബൊഗോറ്റ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഇനി സ്വന്തം മകനാണെങ്കിൽ പോലും ശിക്ഷ അനുഭവിക്കണം. പറയുക മാത്രമല്ല, പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു കൊളംബിയയിലെ ഒരു മേയർ.കൊവിഡ് കർഫ്യൂ ലംഘിച്ച മകനെ കൈയ്യോടെ പിടിച്ച് പൊലീസിന് കൊടുത്തതോടെ നാട്ടുകാർക്ക് മാതൃകയായി മാറിയിരിക്കുകയാണ് കൊളംബിയയിലെ വടക്കൻ സംസ്ഥാനമായ അറ്റ്ലാന്റികോയിലെ മേയറായ കാർലോസ് ഹിഗ്ഗിംഗ്സ് വിലാന്വേവ.ജുവാൻ ഡി അകോസ്റ്റ എന്ന ചെറു പട്ടണത്തിന്റെ മേയറാണ് കാർലോസ്. അറ്റ്ലാന്റികോയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശം കൂടിയാണിത്. കഴിഞ്ഞ ദിവസം തന്റെ മകൻ, സഹോദര പുത്രൻ, സുഹൃത്ത് എന്നിവരുമായി നഗരത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കാറിലെത്തിയ കാർലോസ് ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. ഇവർ കർഫ്യൂ ലംഘനം നടത്തിയതായും അനുയോജ്യമായ രീതിയിൽ ഇവരെ കൈകാര്യം ചെയ്യണമെന്നും മേയർ പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.ഇവർ മൂന്ന് പേരും ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പ്രദേശത്ത് കർശനമായ കർഫ്യൂ നിലനിന്നിരുന്ന സമയത്തായിരുന്നു പാർട്ടി നടന്നത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മദ്യത്തിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പാർട്ടിയ്ക്കിടെ ഇവർ മദ്യപിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ടായിരുന്നു. നിയമങ്ങളെ ആദ്യം ബഹുമാനിക്കേണ്ടവരാണ് തന്റെ കുടുംബമെന്നും എന്നാൽ അവർ തന്നെ നിയമലംഘനം നടത്താൻ താൻ അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന എല്ലാവരും തന്റെ പ്രവൃത്തി മാതൃകയാക്കണമെന്നും മേയർ കൂട്ടിച്ചേർത്തു. നിലവിൽ 106,110 കൊവിഡ് കേസുകളാണ് കൊളംബിയയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 3,641 പേർ മരിച്ചു.