തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. സംസാഥനത്ത് എല്ലാജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായി. നഗരങ്ങൾക്കൊപ്പം ഗ്രാമങ്ങളിലും കൊവിഡ് രോഗികൾ കൂടുന്നു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് വിവിധ തുറകളിൽ പെട്ട നിരവധിയാളുകൾ വന്ന് പോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയത്തെ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരൻ, വഞ്ചിയൂർ ലോട്ടറി വിൽപന നടത്തിയ ആൾ, മത്സ്യക്കച്ചവടക്കാരൻ എന്നിവർ നിരവധിപ്പേരുമായി സമ്പർക്കത്തിലേർപ്പെടുന്നവരാണ്. തിരുവനന്തപുരത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഇവിടെ ഉണ്ടാകരുത്. സെക്രട്ടേറിയറ്റിൽ കർശന നിയന്ത്രണം ഉണ്ടാകും. ഇ ഫയൽ ഉപയോഗം കൂട്ടും. സർക്കാർ ഓഫീസുകളിലെ സന്ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ 989 സാമ്പിളുകൾ പരിശോധിച്ചു. എടപ്പാളിലെ രണ്ട് പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ 5 പഞ്ചായത്തുകളിലെ 308 പേരുടെയും ഫലം പരിശോധിച്ചു. ഇതിൽ 3 പേരുടെ ഫലം പോസിറ്റീവാണ്.211പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 201പേർ രോഗമുക്തരായി. 138പേർ വിദേശത്ത് നിന്നുവന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്ന 39പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇന്ന് 27പേർക്കാണ് സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചത്.