തിരുവനന്തപുരം: എ. ആർ. ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് സ്ഥീരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക ഉയർത്തുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഗേറ്റിന് മുന്നിലടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് കടുത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അത്യാവശ്യക്കാരല്ലാത്തവർ നഗരത്തിലേക്ക് വരരുതെന്നും മുന്നറിയിപ്പുണ്ട്.28നാണ് ആറ്റിങ്ങൽ സ്വദേശിയായ പൊലീസുകാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27വരെ കണ്ടെയ്മെന്റ് സോണായ ആനയറ അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. 26ന് ആലുവയിലേക്ക് യാത്ര ചെയ്തു. 18ന് സെക്രട്ടേറിയേറ്റിലെ രണ്ടാം നമ്പർ ഗേറ്റിലും ജോലി ചെയ്തിരുന്നു. ജില്ലയിലെ പ്രധാന പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ നിരവധി പേരെ നിരീക്ഷണത്തിലേക്ക് മാറ്റേണ്ടി വരും. എആർ ക്യാമ്പിലെ ക്യാന്റീൻ അടച്ചു.