തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. രോഗബാധിതരില്‍ 138 പേര് വിദേശത്ത് നിന്നും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സെക്രട്ടേറിയറ്റിന് പുറത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസർകോട് 7, പത്തനംതിട്ട 2, ഇടുക്കി 2, വയനാട് 1. നെഗറ്റീവായവരുടെ കണക്കുകള്‍: തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂർ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12. കഴിഞ്ഞ 24 മണിക്കൂറി 7306 സാമ്പിളുകൾ പരിശോധിച്ചു 4966 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് ചികിത്സയിൽ ഉള്ളത് 2098 പേരാണ്. 2894 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,71773 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 4834 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനൽ സർവൈലൻസ് വഴി 53,922 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 51,840 നെഗറ്റീവായി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ്. സംസ്ഥാനത്ത് ഇത് വരെ 2,53,011 പേർക്കാണ് റുട്ടീൻ, സെന്റിനൽ, സിബിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകൾ നടത്തിയത്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ 130 ആയി. പതിനാല് ജില്ലകളിലും രോഗബാധിതർ കൂടി. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ്. ഈ അനുഭവങ്ങൾ സൂചിപ്പിക്കുന്നത് ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണം എന്നതാണ്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുകയാണ്. അതിന്റെ ഫലമായാണ് ലോകത്തിന് തന്നെ മാതൃകയാകും വിധം ഇത് വരെ നമുക്ക് ഈ മഹാമാരിയെ പിടിച്ച് നിർത്താൻ കഴിഞ്ഞത്.
എന്നാല്‍ യശസ്സിന് കളങ്കം വരുന്ന ചില വാർത്തകൾ കഴിഞ്ഞ ദിവസം വരുന്നു. അന്യദേശങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരിൽ ചിലർക്ക് ദുരനുഭവങ്ങളുണ്ടായി. ക്വാറന്റീനിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിർത്തുക, ചികിത്സ കഴിഞ്ഞവർക്ക് വീട്ടിൽ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായി. കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബെംഗളുരുവിൽ നിന്ന് എത്തിയ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ യുവതിയും മക്കളും വീട്ടിൽ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടി വന്നു. ഒടുവിൽ അവർ കളക്ടറേറ്റിൽ അഭയം തേടി. സ്വന്തം വീട്ടുകാരും ഭർതൃവീട്ടുകാരും ഇവരെ വീട്ടിൽ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങൾ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓർമിപ്പിക്കുകയാണ്.
സാധാരണ നിലയ്ക്ക് ക്വാറന്റീന് പൂർത്തിയാക്കിയാൽ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിർത്തരുത്. അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയിൽ സംരക്ഷിക്കണം. റൂം ക്വാറന്റീന് ആണ് അവർക്ക് നിർദേശിച്ചത്. ഒരേ വീട്ടിൽ അങ്ങനെ നിരവധിപ്പേർ കഴിയുകയല്ലേ? ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങൾ നമ്മുടെ സമൂഹത്തിന്റെ പൊതുനിലയ്ക്ക് അപകീർത്തികരമാണ്.