തിരുവനന്തപുരം: കേരള കോൺഗ്രസിനെ യു.ഡി.എഫിൽ നിന്ന് മാറ്റി നിർത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് നേതൃത്വം മലക്കം മറിഞ്ഞതിന് പിന്നിൽ ഹൈക്കമാൻഡ് ഇടപെടലാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചന നൽകുന്നു. അപ്രതീക്ഷിത നീക്കത്തിനൊടുവിൽ ജോസ് വിഭാഗം ധാരണ പാലിക്കുമെന്നായിരുന്നു നേതൃത്വം കരുതിയത്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് ജോസ് കെ മാണിയും ഒപ്പമുള്ളവരും രക്തസാക്ഷിത്വ പരിവേഷം സൃഷ്ടിച്ചതും സി.പി.എം കേരള കോൺഗ്രസിനോട് കാട്ടിയ മൃദു സമീപനവും അപകടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിഗമനം. ഇതിനിടയിൽ ഹൈക്കമാൻഡ് കൂടി ഇടപെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.കേരളത്തിലെ നാല് ജില്ലകളിൽ നിർണായകമായ കേരള കോൺഗ്രസിനെയും രണ്ട് എം.പിമാരെയും കൈവിടാനാകില്ലെന്ന നിലപാടാണ് സോണിയഗാന്ധിക്കുള്ളത്. പാർലമെന്റിന്റെ ഇരുസഭകളിലും യു.പി.എക്ക് അംഗങ്ങൾ കുറവായതിനാൽ തന്നെ ഇനിയും അംഗസംഖ്യ കുറച്ചൊരു കളിക്ക് തയ്യാറല്ലെന്ന നിലപാട് ഹൈക്കമാൻഡ് കേരള നേതാക്കളെ അറിയിച്ച് കഴിഞ്ഞു.കേരള കോൺഗ്രസ് വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെട്ടതോടെയാണ് നിലപാടിൽ വിട്ടുവീഴ്ച നടത്താൻ കഴിഞ്ഞദിവസം കോൺഗ്രസ് നേതൃത്വം തയ്യാറായത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ചതിന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് യോഗം ചേർന്നാണ് ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്.അതേസമയം ഹൈക്കമാൻഡ് ഇടപെടൽ നടന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നും മുന്നണിയിൽ നിന്നും മാറ്റി നിർത്തുക മാത്രമാണ് ചെയ്തതെന്നുമുള്ള നിലപാടാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അതേസമയം ധാരണ പാലിക്കാതെ ജോസ് കെ മാണിയെ മുന്നണിയിൽ എടുത്താൽ ജോസഫ് വിഭാഗം മുന്നണി വിടുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. നിലവിലെ സാഹചര്യത്തിൽ രണ്ട് എം.പിമാരെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത കോൺഗ്രസ് ഹൈക്കമാൻഡിന് ജോസഫ് വിഭാഗത്തിനെക്കാൾ താത്പര്യം ജോസ് വിഭാഗത്തോടാണ്. കഴിഞ്ഞ ദിവസം ചേർന്ന ജോസ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗം നിലവിൽ ഒരു മുന്നണിയുടെയും ഭാഗമാകേണ്ടെന്നും സ്വതന്ത്രമായി നിൽക്കാനുമുള്ള നിലപാടാണ് സ്വീകരിച്ചത്.ഹൈക്കമാൻഡ് ദൂതൻ താമസിക്കാതെ ജോസ് കെ മാണിയെ ബന്ധപ്പെടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതുവരെ ചാടി പിടിച്ച് മുന്നണി മാറ്റം ഉൾപ്പെടെയുള്ള തീരുമാനം എടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ ജോസ് കെ മാണിയെ ഫോണിലൂടെ അറിയിച്ചു. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ വിളിക്കാതിരുന്ന കോൺഗ്രസ് നേതാക്കളും ലീഗ് നേതാക്കളും ജോസ് വിഭാഗം നേതാക്കളുമായി ഇപ്പോൾ ആശയവിനിമയം നടത്തുന്നുണ്ട്.കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ എ.കെ ആന്റണിയും കെ.സി വേണുഗോപാലും സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. ഇതേ തുടർന്നാണ് സോണിയ ഗാന്ധി ജോസ് കെ.മാണിയുടെ അടുത്തേക്ക് ദൂതനെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഹൈക്കമാൻഡ് ദൂതൻ വരുമെന്ന് തങ്ങൾക്ക് അനൗദ്യോഗികമായി അറിയിപ്പ് ലഭിച്ചതായി കേരള കോൺഗ്രസ് നേതാക്കളും സമ്മതിക്കുന്നുണ്ട്.ഇടതു മുന്നണിയും എൻ.ഡി.എയും ജോസ് കെ.മാണി വിഭാഗത്തിന് പിന്നാലെയുണ്ടെന്നും രാജ്യസഭയിൽ ഈ സാഹചര്യത്തിൽ ഒരു എം.പിയെ ലഭിക്കുന്നത് ബി.ജെ.പിയ്ക്ക് കൂടുതൽ കരുത്താകുമെന്നും സോണിയ ഗാന്ധി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് സോണിയ തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. ജോസ് കെ.മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് പോയാൽ കോട്ടയം അടക്കം മദ്ധ്യകേരളത്തിലെ നാല് ജില്ലകളിൽ യു.ഡി.എഫിന് അടിതെറ്റുമെന്ന് ജോസ് വിഭാഗവുമായി അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്. ഇതോടെ കേരള നേതൃത്വവുമായി മുകുൾ വാസ്നിക്ക് ഉൾപ്പെടെയുള്ള നേതാക്കൾ കൂടിയാലോചന നടത്തിയതായാണ് വിവരം.