ലോക പൊലീസായ അമേരിക്കയുടെ പൊലീസില്‍ ഒരു മലയാളിയുണ്ട്, പഠനത്തിനായി അമേരിക്കയില്‍ പോയ പ്രേം പൊലീസായത്തിന്റെ കഥ ഇങ്ങനെ
ലോകത്ത് എന്ത് സംഭവിച്ചാലും അതില്‍ ഇടപെടുന്ന സ്വഭാവം ഉള്ളതു കൊണ്ടാണ് അമേരിക്കയ്ക്ക് ലോക പൊലീസ് പട്ടം ചാര്‍ത്തപ്പെട്ടത്, അപ്പോള്‍ ലോകത്തെവിടെയും കാണപ്പെടുന്ന മലയാളിക്ക് അമേരിക്കന്‍ പൊലീസില്‍ കയറാന്‍ പറ്റില്ലേ… പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരംകാരനായ പ്രേം. തലസ്ഥാനത്തെ സെന്റ് ജോസഫ് സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച പ്രേം ഇരുപത്തി രണ്ടാം വയസിലാണ് ഉപരിപഠനത്തിനായിട്ടാണ് അമേരിക്കയിലെത്തിയത്.
ആദ്യകാലത്ത് ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം പഠനം നടത്തിയത്. സെക്യൂരിറ്റിയായി ജോലി നോക്കിയാണ് ചിലവിനായുള്ള പണം കണ്ടെത്തിയത്. 2001 വേള്‍ഡ് ട്രേഡ് സെന്ററില്‍ തീവ്രവാദ ആക്രമണം ഉണ്ടായപ്പോള്‍ അതിന്റെ പരിണിത ഫലം അനുഭവിച്ചത് ഇന്ത്യക്കാരുള്‍പ്പടെയുള്ളവരായിരുന്നു. വെള്ളക്കാരുടെ മനസില്‍ തവിട്ട് നിറമുള്ള വിദേശികളെല്ലാം തീവ്രവാദികളായിരുന്നു. അത്തരത്തില്‍ ഒരു ആക്രമണം പ്രേമിനും നേരിടേണ്ടി വന്നു.
കൊളറാഡോയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ ജീവനക്കാരനായി ജോലി നോക്കിയപ്പോഴാണ് തീവ്രവാദിയെന്ന് ആരോപിച്ച് ഒരു വെള്ളക്കാരന് അദ്ദേഹത്തെ ആക്രമിച്ചത്. രാജ്യം വിട്ടുപോകണമെന്ന ആക്രോശവുമായി അമേരിക്കന്‍ പൗരന് പ്രേമിനെ മര്‍ദ്ദിച്ച് അവശനാക്കി. ഒടുവില്‍ ഷോപ്പിലെ എമര്‍ജന്‍സി സ്വിച്ചിട്ട് പൊലീസിനെ വിളിച്ചാണ് വെള്ളക്കാരനില്‍ നിന്നും പ്രേം രക്ഷപ്പെട്ടത്. എന്നാല്‍ ഈ ആക്രമണമാണ് പ്രേമിനെ അമേരിക്കന്‍ പൊലീസിലേക്കെത്തിച്ചതെന്ന് പറയാം. അന്ന് പ്രേമിന്റെ രക്ഷയ്ക്കായി ഓടിയെത്തിയ അമേരിക്കന്‍ പൊലീസ് സംഘത്തില്‍ പാക് വംശജനായ യുവാവുണ്ടായിരുന്നു. അമീര്‍ എന്ന് പേരുള്ള ആ ഉദ്യോഗസ്ഥനുമായി അടുപ്പത്തിലായതോടെ ഒരു പാകിസ്ഥാനിക്ക് അമേരിക്കന്‍ പൊലീസില്‍ ചേരാമെങ്കില്‍ എന്ത് കൊണ്ട് തനിക്കായിക്കൂടാ എന്ന ചിന്ത ഉടലെടുത്തു.
എന്നാല്‍ അമേരിക്കയില്‍ പൊലീസ് ഉദ്യോഗം നേടുവാന്‍ ഒരു ഇന്ത്യക്കാരന് ഒരുപാട് കടമ്ബകള്‍ കടക്കേണ്ടിയിരുന്നു. അമേരിക്കന്‍ പൗരനാവണമെന്നതായിരുന്നു ആദ്യ കടമ്ബ, ബിരുദമായിരുന്നു പൊലീസിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത. ബിരുദധാരിയായ പ്രേം പൊലീസാവുക എന്ന ലക്ഷ്യവുമായി പൊലീസ് അക്കാദമിയില്‍ ചേര്‍ന്നു. അവിടെ പല തരത്തിലുള്ള കഠിനപരിശീലനമാണ്. അമേരിക്കന്‍ നിയമങ്ങള്‍, വിഷയങ്ങളെ മനഃശാസ്ത്രപരമായി സമീപിക്കുന്ന രീതി, കുറ്റവാളികളെ ബലപ്രയോഗത്തിലൂടെ കീഴടക്കേണ്ടി വന്നാല്‍ അതിനുള്ള അയോധന മുറകള്‍, പലതരത്തിലുള്ള തോക്കുകള്‍ ഉപയോഗിച്ചുള്ള വെടിവെപ്പ് പരിശീലനം എന്നിവയെല്ലാം മികച്ചരീതിയില്‍ പ്രേം പഠിച്ചു പാസായി.
പരിശീലനം പൂര്‍ത്തിയായതോടെ പൊലീസ് ഓഫീസര്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് എഴുതിയ പ്രേം കായികക്ഷമതാ പരീക്ഷ, മാനസികക്ഷമതാ പരീക്ഷ എന്നിവയെല്ലാം കടന്ന് പോളിഗ്രാഫ് ടെസ്റ്റ് വരെ പാസായി. ശേഷം നടന്ന അഭിമുഖത്തിലും പ്രേമിനായിരുന്നു ജയം. തുടര്‍ന്ന് മലയാളിയായ പ്രേം വി.മേനോന് 2005 അമേരിക്കന്‍ പൊലീസില്‍ അംഗമായി. അടുത്തിടെ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിലാണ് പ്രേം വി. മേനോന് അദ്ദേഹത്തെക്കുറിച്ച് എഴുതിയത്. അപ്പോഴാണ് അമേരിക്കന്‍ പൊലീസിലും മലയാളിയോ ? എന്ന് കേരളീയര്‍ ചിന്തിച്ചു തുടങ്ങിയത്. പ്രേം ജീവിതത്തിലും സുഹൃത്ത് കൂടിയായ സിന്‍ഡിയെയാണ് കൂടെക്കൂട്ടിയത്. ഇവര്‍ക്ക് രണ്ട് കുട്ടികളാണ്. 2016ലാണ് ഇദ്ദേഹം അവസാനമായി തിരുവനന്തപുരത്ത് എത്തിയത്.