ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിന് വിതരണത്തിന് എത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നോട്ടുപോകുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്ബനിയുമായി ഐ.സി.എം.ആര്. ധാരണയിലെത്തി. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത് രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വാക്സിനാണ്. ജൂലൈ ഏഴിന് വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങാനാണ് തീരുമാനം.
പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്ബോള്‍ വാക്സിന് സംബന്ധിച്ച പ്രഖ്യാപനം നടത്തും. അതിനുമുമ്ബ് വാക്സിന് വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇനി ഐ.സി.എം.ആറിന് മുന്നിലുള്ളത്. ഐ.സി.എം.ആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്ബിളാണ് വാക്സിന് നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐ.സി.എം.ആര്. അനുമതി നല്‍കിയത്.