തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട അവസ്ഥയെന്ന് കടകംപള്ളി; പാളയം മാര്‍ക്കറ്റ് അടക്കും
ഇന്നലെ രോഗം പിടിപ്പെട്ടവരുടെ റൂട്ട് മാപ്പ് പുറത്തിറക്കിയെന്നും സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സ്രവ പരിശോധനയും തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി.
തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഷോപ്പിംഗ് മേഖലകൾ കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും നഗരസഭ നിരീക്ഷണം കർശനമാക്കും മന്ത്രി പറഞ്ഞു. ഇന്നലെ രോഗം പിടിപ്പെട്ടവരുടെ റൂട്ട് മാപ്പ് പുറത്തിറക്കിയെന്നും സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സ്രവ പരിശോധനയും തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാളയം മാര്‍ക്കറ്റ് അടയ്ക്കുമെന്ന് തിരുവനന്തപുരം മേയര്‍ അറിയിച്ചു
തിരുവനന്തപുരം മാരായമുട്ടത് നിന്ന് സേലത്തേക്ക് പോയ ആൾ അവിടെ പോസിറ്റീവായി എന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇതേ തുടര്‍ന്ന്, മറയമുട്ടത്ത് സ്രവപരിശോധന ശക്തമാക്കും. ബൂത്ത് തല നിരീക്ഷണ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി ഡ്യൂട്ടിയിൽ അല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരെയും ഡോക്ടര്‍രെയും ഏകോപിപ്പിച്ചു. ആന്റിജൻ പരിശോധന രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങുമെന്നും നിലവില്‍ നഗരം അടച്ചിട്ടേണ്ട സഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഉറവിടം അറിയാത്ത കേസുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിന്ന് അധികം പോസിറ്റീവ് കേസുകൾ ഇല്ല. എന്നിരുന്നാലും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ കൂടുതൽ കരുതൽ ആവശ്യമുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ നിരന്തരം വന്ന് പോകുന്ന സ്ഥലമാണ് വിഎസ്എസ്സി. ഇവിടെ വരുന്ന എല്ലാവരെയും പരിശോധിക്കാൻ ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരെ അവിടെ തന്നെ നിരീക്ഷണത്തിലാക്കണം. നഗരത്തിലേക്ക് അത്യാവശ്യക്കാർ അല്ലാത്തവർ വരരുതെന്നും മന്ത്രി പറഞ്ഞു.