പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൽ, മുൻകൂട്ടി പ്രഖ്യാപിക്കാതെ യാത്ര
സംയുക്ത സൈനിക മേധാവിയും കരസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടെന്നാണ് വിവരം.
ന്യൂഡൽഹി : ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദര്‍ശിക്കുന്നു. അൽപസമയം മുമ്പ് പ്രധാനമന്ത്രി ലേയിലെത്തി. അതിര്‍ത്തി സംഘര്‍ഷങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് മോദിയുടെ യാത്ര. സംയുക്ത സൈനിക മേധാവിയും കരസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അതിർത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തി. സാമൂഹിക അകലം പാലിച്ച് പ്രധാമന്ത്രിക്കൊപ്പമുള്ള സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷത്തിൽ പരിക്കേറ്റ സൈനികരെയടക്കം പ്രധാനമന്ത്രി സന്ദര്‍ശിക്കും. ലേയിലെ സൈനിക ആശുപത്രിയിലെത്തിയാകും സൈനികരെ സന്ദര്‍ശിക്കുക.
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ലെ യിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നിമുവിൽ എത്തി. കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാൻമാരെ കണ്ടു. 14 കോർ കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗ് സ്ഥിതി വിശദീകരിച്ചു. അതിർത്തിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തിയേക്കും.